Thursday, March 20, 2008

സിഗരറ്റ് വില്‍ക്കുന്നത് വലിക്കാനല്ലേ?

പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു പുകവലിക്കാരന്റെ അടുത്ത് നില്‍ക്കുന്നതും ആരോഗ്യത്തിന് ഹാനികരമെന്ന്. ദേ, ഇപ്പോള്‍ പറയുന്നു പുകവലി സ്ഥാപനത്തിന് ഹാനികരമെന്ന്. പുകവലിക്കുന്ന തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനം 5000 രൂപ പിഴ കൊടുക്കേണ്ടിവരുമെന്ന്. സിഗരറ്റ് വില്‍ക്കുകയും വേണം വലിക്കുന്നവന്റെ കയ്യില്‍ നിന്നും പിഴ ഈടാക്കുകയും വേണമെന്നു പറഞ്ഞാലെങ്ങനെയാ? രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത് എന്നുപറയുന്നതുപോലെ സിഗരറ്റ് വിറ്റിട്ട്, പിന്നീട് കേസുനടത്തി വലിച്ചവന്റെ കൈയ്യില്‍ നിന്നും പിഴ ഈടാക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത് വില്‍ക്കാതിരിക്കുന്നത്? ഈ നിയമം കൊണ്ടുവന്ന ആരോഗ്യ വകുപ്പിനെന്താ ‘കിഡ്നി’ വര്‍ക്ക് ചെയ്യുന്നില്ലേ?

Sunday, March 16, 2008

ജീവിതത്തേക്കാള്‍ വലുതാണോ പ്രാര്‍ത്ഥന?

സെവന്‍ത് ഡേ വിശ്വാസികള്‍ക്കായി രാത്രിയില്‍ എസ്സ് എസ്സ് എല്‍ സി പരീക്ഷ നടത്തി! കാരണം ഇക്കൂട്ടര്‍ ശനിയാഴ്ച വൈകിട്ട് ആറ്' മണിവരെ നല്ലകാര്യങ്ങള്‍ ഒന്നും ചെയ്യില്ല, പ്രാര്‍ത്ഥനയും വിശ്രമവും മാത്രമേ ഉള്ളു. അപ്പോള്‍ ഇവര്‍ക്ക് ജോലികിട്ടിയാല്‍ ഇവര്‍ ശനിയാഴ്ച ജോലിക്ക് പോവില്ലേ? ശനിയാഴ്ച ദിവസ്സം ഇവരിലാരെങ്കിലും കിണറ്റില്‍ വീഴുകയോ മരത്തില്‍ നിന്ന് വീഴുകയോ വാഹനാപകടത്തില്‍പ്പെടുകയോ ചെയ്താല്‍ മറ്റുള്ളവര്‍ വിശ്രമം കഴിഞ്ഞ് ആറ്' മണിക്ക് ശേഷമേ രക്ഷിക്കുവാന്‍ ചെല്ലുകയുള്ളോ?

അവനവന്‌ വല്ലതും നേടണമെങ്കില്‍ അവനവന്‍ കഷ്ടപ്പെട്ടാലല്ലേ പറ്റൂ? അല്ലാതെ തേങ്ങാ അടിച്ചും മെഴുകുതിരികത്തിച്ചും ഇന്നുവരെ ആരെങ്കിലും എന്തെങ്കിലും നേടിയിട്ടുണ്ടോ?

Thursday, March 13, 2008

ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ശൈശവ വിവാഹം ഉള്‍പ്പെടുത്തിയത് ശരിയോ?

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ കണ്ണന്റെയും സീതയുടേയും കല്യാണത്തെക്കുറിച്ചുള്ള വാര്‍ത്തയുണ്ടായിരുന്നു. ആണുങ്ങളുടെ വിവാഹ പ്രായം 18 വയസ്സ് ആയി കുറയ്ക്കണം എന്ന കാര്യത്തില്‍ വിവാദം നടക്കുകയാണല്ലോ. 18 വയസ്സ് കല്യാണത്തിനു പറ്റിയ പ്രായം ആണോ? കീറിപറിഞ്ഞ നരച്ച ജീന്‍സും അഞ്ച് വര്‍ഷം മുന്‍പത്തെ അളവിന് തയിച്ച ഷര്‍ട്ടും (ഇപ്പോഴത്തെ ഷര്‍ട്ടൊക്കെ ചെറുത്തായി ചെറുതായി ബ്ലൌസ് പോലെയായി എന്ന് ആരോ പറഞ്ഞ് കേട്ടു) ഇട്ട് നടക്കുന്ന ഒരു പതിനെട്ട്കാരനെ കാണുമ്പോള്‍ ഒന്നു ചിന്തിച്ച് നോക്കുക, ഇവനെയൊക്കെ കെട്ടിച്ച് വിട്ടാലുള്ള ഭവിഷ്യത്തുകള്‍. സ്വന്തം കാര്യം നോക്കന്‍ പറ്റാത്തവനാണോ ഒരു കുടുംബം നോക്കുന്നത്?

അപ്പോള്‍ പറഞ്ഞ് വന്ന കാര്യം, കണ്ണനും സീതയും. രണ്ട് പേരും നന്നായി ഒരുങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കാന്‍ താലപ്പൊലിയേന്തിയ നിരവധിപ്പേര്‍. കണ്ണന്റേയും സീതയുടേയും അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരുന്നെന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല. രണ്ട് പേര്‍ക്കും പതിനെട്ട് വയസ്സില്‍ താഴെയേ പ്രായമുള്ളു എന്ന് ഉറപ്പ്. അവിടെ കൂടിനിന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല. അവര്‍ ചെയ്തത് ശരിയാണോ?

ആരുടെ മക്കളാണ് കണ്ണനും സീതയും? അങ്ങനെ ആരെയും അവിടെ കണ്ടില്ല. അപ്പോള്‍ കണ്ണനും സീതയും? കണ്ണന്‍ ഒരു കാളയും സീത ഒരു പശുവും.

ഇത്രയും വായിച്ചിട്ട് ചിരി വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തോ തകരാറില്ലേ? ഉണ്ടെങ്കിലത് ഉടനെ ചികിത്സിക്കേണ്ടതല്ലേ?

Monday, March 10, 2008

എഫ് എം റേഡിയോ ജോക്കി(്)?

കേരളത്തില്‍ ഇപ്പോള്‍ എഫ് എം തരംഗമാണല്ലോ. റേഡിയോ ജോക്കികളുടെ സംസാരം കേട്ടാല്‍ തോന്നും മലയാള ഭാഷയെ കൊന്നു കുഴിച്ചുമൂടാനായി ജന്മമെടുത്തവരാണ് ഇക്കൂട്ടര്‍ എന്ന്. കഴിഞ്ഞ ദിവസം ഒരു Haapy Birhthday ഗാനം കേട്ടു. ഇന്ന് അഞ്ച് വയസ്സ് ആകുന്ന ഏതോ ഒരു കുട്ടിയ്ക്ക് വേണ്ടിയാണ് ഇത് എന്നൊരിറിയിപ്പും. ക്ലോക്കില്‍ അപ്പോള്‍ സമയം രാത്രി 11.45. ഇതാണോ ഒരഞ്ച് വയസ്സുകാരന് ജന്മദിനം ആശംസിക്കാനുള്ള സമയം? കേരളത്തിലെ കൊച്ചുകുട്ടികള്‍ ഏത് നട്ടപ്പാതിരയ്ക്കും ഉണര്‍ന്നിരുന്ന് റേഡിയോ കേള്‍ക്കും എന്നാണോ ഇവരുടെ വിചാരം? അതോ, കേരളത്തില്‍ റേഡിയോ ജോക്കികള്‍ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചപ്പോള്‍ സാമാന്യ ബോധം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നോ?

Friday, March 7, 2008

നട്ടെല്ലില്ലാത്തവര്‍ക്കും സംവരണം!

ഈയിടെയായി ചില ടിവി ചാനലുകാര്‍ മുഴുവന്‍ സമയവും, ചില ചാനലുകാര്‍ ചില പ്രത്യേക പരിപാടികള്‍ സം‌പ്രേഷണം ചെയ്യുന്ന സമയത്തും സ്ക്രീനിന്റെ താഴത്തെ കുറച്ച് ഭാഗം പ്രേക്ഷകര്‍ക്ക് SMS അയക്കുവാനായി വിട്ടുകൊടുത്തിരിക്കുന്നു. ഇതില്‍ സാധാരണ കാണുന്ന മെസേജുകള്‍ ഇങ്ങനെയാണ്.
1. ഏതോ ഒരുത്തന്‍ അല്ലെങ്കില്‍ ഒരുത്തി Love ഏതോ ഒരുത്തിയെ അല്ലെങ്കില്‍ ഒരുത്തനെ. ആരെങ്കിലും ആരെയെങ്കിലും പ്രേമിച്ചാല്‍ ടിവി കാണുന്ന പ്രേക്ഷകര്‍ക്കെന്താ?
2. I Love ഏതോ ഒരുത്തിയെ അല്ലെങ്കില്‍ ഒരുത്തനെ. ആരാണി ‘I‘?
3. I Love You. ആര് ആരെ പ്രേമിക്കുന്നുവെന്ന് ലോകത്ത് ആര്‍ക്കെങ്കിലും ഇത് വായിച്ചാല്‍ മനസ്സിലാകുമോ?
ഒരാളുടെ മുഖത്തുനോക്കി ഇഷ്ടമാണെന്ന് പറയാനുള്ള നട്ടെല്ലില്ലാതെ ഇങ്ങനെ മെസ്സേജ് അയക്കുന്നവര്‍ എന്തിനാ പ്രേമിക്കാന്‍ നടക്കുന്നത്? അവനവന്റെ കൈയിലെ കാശാണ് ടിവി ചാനലുകാരും മൊബൈല്‍ കമ്പനിക്കാരും കൂടി അടിച്ചെടുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പോലും ഈ വിഡ്ഢികള്‍ക്ക് കഴിയുന്നില്ലേ?