Wednesday, May 22, 2013

കാൽകുലേറ്ററും കൊണ്ടാണോ കടയിൽ പോകാറ്?

കാൽകുലേറ്ററും കൊണ്ടെന്തിനാ കടയിൽ പോകുന്നത്, വാങ്ങിയ സാധനത്തിന്റെ വില കൂട്ടിനോക്കാൻ കടയിൽ കമ്പ്യൂട്ടറില്ലേ എന്നാവും ചിന്തിക്കുന്നത്. എങ്കിൽ അതല്ല ഇവിടുത്തെ പ്രശ്നം. ചില കമ്പനികളുടെ ചില ‘ഓഫറുകൾ’ ആണ് കാര്യം. 100 ഗ്രാമിന്റെ മൂന്ന് ഡൊവ് സോപ്പിന്റെ വില 148 രൂപ. പത്ത് രൂപ ‘ഓഫ്’. അപ്പോൾ വില 138 രൂപ. തൊട്ടടുത്ത് ഒരു ഓഫറും ഇല്ലാതെ 50 ഗ്രാം ഡൊവ് സോപ്പ് ഇരിപ്പുണ്ട്. വില 22 രൂപ. അപ്പോൾ 300 ഗ്രാമിന്റെ വില, 22 X 6 =132 രൂപ! ഇനി എവരിഡേ പാൽ‌പ്പൊടിയുടെ കാര്യം. 950 ഗ്രാമിന് (ഒരു കിലോ തികച്ച് തരത്തില്ല!) 330 രൂപ (കുറച്ച് പഴയ വിലയാണേ). പിന്നെ സൂപ്പർ സേവർ ഓഫർ ഉള്ള പായ്ക്ക്, 750 ഗ്രാമിന് 260 രൂപ. ഇനി കണക്ക് 330/950X1000=347.37 രൂപ 260/750X1000=346.67 രൂപ അപ്പോൾ ഇവ തമ്മിലുള്ള വെത്യാസം കിലോ ഗ്രാമിന് 70 പൈസ മാത്രം! അപ്പോൾ എന്താണ് സൂപ്പർ സേവർ? ഇനി എവിറ്റി തേയിലയുടെ 100 ഗ്രാം പായ്ക്കിന് വില 26 രൂപ. അപ്പോൾ 250 ഗ്രാമിന് 26/100X250=65 രൂപ മാത്രം. പക്ഷെ 250 ഗ്രാം പായ്ക്കിന്റെ വില 68 രൂപ! അപ്പോളിനി കാൽകുലേറ്ററും കൊണ്ടല്ലേ കടയിൽ പോകൂ?

Wednesday, April 8, 2009

വോട്ട് കിട്ടാതെ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന വിധം

ഒരു നിയോജക മണ്ഡലത്തില്‍ ആകെ 100 വോട്ടര്‍മാര്‍ ഉണ്ട് എന്ന് കരുതുക. ഇതില്‍ 80 പേര്‍ വോട്ട് ചെയ്തു. അതില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 35 വോട്ടും രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടും മൂന്നാമത്തെ സ്ഥാനാര്‍ത്ഥിക്ക് 15 വോട്ടും മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാം കൂടി 5 വോട്ടും കിട്ടി എന്ന് കരുതുക. അപ്പോള്‍ 35 വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ജയിക്കും. പക്ഷെ ആ നിയോജകമണ്ഡലത്തിലെ 65 വോട്ടര്‍മാര്‍ ജയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തവരാണ്. (45 പേര്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു; 20 പേര്‍ വോട്ട് ചെയ്തില്ല.) അപ്പോള്‍ ഭൂരിപക്ഷം വോട്ടര്‍മാരും ജയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തവരാണ്, അല്ലെങ്കില്‍ ആ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണം എന്ന് ആഗ്രഹിച്ചവരാണ്. അപ്പോള്‍ ഇതെങ്ങനെ ജനാധിപത്യം ആകും? ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പായില്ലല്ലോ? തനിക്ക് വോട്ട് തരാത്ത 65% ജനങ്ങളുള്ള ഒരു നിയോജകമണ്ഡലം നന്നാവണമെന്ന് ജയിച്ച സ്ഥാനാര്‍ത്ഥി എന്തിന് ആഗ്രഹിക്കണം? ഇത് തന്നെയല്ലേ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത്???

Wednesday, April 1, 2009

ഇത് വായിച്ച് ഏപ്രില്‍ ഫൂള്‍ ആകരുത്

ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മലയാളികള്‍ക്ക് വലിയ സാമര്‍ത്ഥ്യമാണ്. അതുകൊണ്ടല്ലേ താങ്കള്‍ ഇത് വായിച്ചത്? ഇതു തന്നെയല്ലേ മലയാളികളുടെ ഏറ്റവും വലിയ കുഴപ്പവും?

Monday, March 9, 2009

ഒരാള്‍ക്ക് രണ്ട് ദിവസം ജനിക്കാന്‍ സാധിക്കുമോ?

മുഹമ്മദ് നബിയുടെ ജന്മദിനം ഒന്‍പതാം തീയതി ആണെന്ന് ആദ്യം പറഞ്ഞു; പിന്നെ പറഞ്ഞു പത്താം തീയതി ആണെന്ന്. അതെന്താ ഒരാള്‍ക്ക് സ്ഥിരമായി ഒരു ജന്മദിനം ഇല്ലേ? ചില വിശേഷ ദിവസങ്ങള്‍ ചന്ദ്രനെ കണ്ടെന്നും കണ്ടില്ലെന്നും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും മറ്റാറുണ്ട്. പക്ഷെ ചന്ദ്രനെ കണ്ടാലും ഇല്ലെങ്കിലും ഒരാളുടെ ജന്മദിനം മാറുമോ? പക്ഷെ ചന്ദ്രനെ കാണുമോ ഇല്ലയോ എന്ന കാര്യത്തിലും ഇക്കാലത്ത് ഒരു സംശയത്തിന്റെ ആവശ്യമുണ്ടോ? ചന്ദ്രന്‍ ഒരു ദിവസം എവിടെ നിക്കും എന്ന് കണ്ടുപിടിക്കാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഇന്ന് ലോകത്തില്ലേ? അതോ ശാസ്ത്രം പുരോഗമിക്കുമ്പോള്‍ കൂടെ മനുഷ്യനും പുരോഗമിക്കാ‍ന്‍ പാടില്ലെന്ന് ശരിയത്തില്‍ പറഞ്ഞിട്ടുണ്ടോ?

Friday, February 27, 2009

ഗാന്ധിജിയെ അപമാനിക്കുന്ന ബാറുകള്‍

ഐഡിയ മൊബൈല്‍ ഗാന്ധിജിയെ അപമാനിച്ചു എന്നാണല്ലോ കോണ്‍ഗ്രസുകാരുടെ കണ്ടുപിടുത്തം. 99% പേരും ഗാന്ധിമതി എന്ന് പറഞ്ഞിട്ട് പരസ്യത്തിലെ പെണ്‍കുട്ടി പൂവാലന്‍ എന്ത് വേണമെങ്കിലും ചെയ്തിട്ട് പൊയ്ക്കോട്ടേ എന്ന് വിചാരിച്ച് നിന്നിരുന്നെങ്കില്‍ ഈ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ഐഡിയയുടെ കണക്ഷന്‍ എടുക്കുമായിരുന്നോ? ഒരു പരസ്യംകൊണ്ട് ഉദ്യേശിച്ചത് എന്താണെന്നുപോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഇവനൊക്കെ നാട് ഭരിച്ചാല്‍ നാടിന്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കില്‍ മദ്യം വര്‍ജ്ജിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയുടെ പടമുള്ള നോട്ട് വാങ്ങി മദ്യം വില്‍ക്കുന്ന ബാറുകളും മദ്യവില്‍പ്പനശാലകളും വര്‍ഷങ്ങളായി ഗാന്ധിജിയെ അപമാനിക്കുകയല്ലേ? അപ്പോള്‍ അവയെല്ലാം അടച്ച് പൂട്ടണ്ടേ? അല്ലെങ്കില്‍ ഗാന്ധിജിയോട് ഇത്രയധികം ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാര്‍ അവയെല്ലാം തല്ലിതകര്‍ക്കണ്ടേ?

ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ പൂവാലന്‍മാരോട് പ്രതികരിക്കരുത് എന്ന് നിയമമുണ്ടാക്കണം. ഇനി കോണ്‍ഗ്രസുകാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുമ്പോള്‍ എല്ലാ കോണ്‍ഗ്രസുകാരും ഒരിടത്ത് അനങ്ങാതെ നിന്ന് പോലീസിന്റെ തല്ല് മുഴുവന്‍ മേടിക്കണം; കാരണം ഗാന്ധിജി ആരേയും തിരിച്ച് തല്ലിയിട്ടില്ലല്ലോ!

ഐഡിയ കമ്പനി പൂട്ടിക്കാന്‍ നടക്കുന്ന ഇവന്റെയൊക്കെ മോന്തയ്ക്കിട്ട് പരസ്യത്തിലെ പെണ്‍കുട്ടി കൊടുത്തതിനെക്കാള്‍ നല്ല ഒരു തൊഴികൊടുക്കാനാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്കോ???

Monday, February 2, 2009

തനിമലയാളത്തിന് എന്തിന്റെ കേടാ???

മനുഷ്യന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താല്‍ അത് തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യില്ല. മമ്മൂട്ടി ഒരു പോസ്റ്റ് ഇട്ടാല്‍ അത് നാല് പ്രാവശ്യം ലിസ്റ്റ് ചെയ്യും!!! ശരിക്കും എന്താ തനിമലയാളത്തിന് കുഴപ്പം? തനിമലയാളത്തില്‍ മാന്വല്‍ ആയി ലിസ്റ്റ് ചെയ്യിക്കാന്‍ പറ്റുമോ?

ഞാന്‍ കഷ്ടപ്പെട്ട് എടുത്ത ഫോട്ടോകള്‍ മലകളും മേഘങ്ങളും....(ഫോട്ടോ)‍ എന്ന പോസ്റ്റില്‍

Tuesday, January 20, 2009

BSNL-ഉം മനുഷ്യനെ വിഡ്ഢിയാക്കാന്‍ തുടങ്ങി....

BSNL-ന്റെ പരസ്യം കണ്ടില്ലേ? ലൈഫ് ടൈം പ്രീ പെയ്ഡ് കണക്ഷന്‍ വെറും 99/- രൂപയ്ക്ക്! കൂടാതെ സിം ഫ്രീ!!! എന്ത് നല്ല ഓഫര്‍ അല്ലേ?


തൊട്ട് താഴെ എഴുതിയിരിക്കുന്നത് കണ്ടില്ലേ? വാലിഡിറ്റി എക്സ്റ്റെന്റ് ചെയ്യാന്‍ ഒരോ 180 ദിവസത്തിലും കുറഞ്ഞത് 200/- രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണമെന്ന്. അപ്പോള്‍ രണ്ടില്‍ ഏത് വിശ്വസിക്കണം? മൂന്ന് മാസത്തിലൊരിക്കല്‍ റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ ഡിസ്കണക്ടാവുന്ന കണക്ഷനെ എങ്ങനെ ലൈഫ് ടൈം എന്ന് പറയാനാകും?


ഈ അസുഖം ആദ്യം തുടങ്ങിയത് വോഡാഫോണിനാണ്. ഇത്തരം പറ്റീര് പരസ്യങ്ങല്‍ക്കെതിരെ നടപടി എടുക്കാന്‍ ഈ നാട്ടില്‍ നിയമമൊന്നുമില്ലേ?


ഓ.ടോ. ചൊവ്വാഴ്ച ഒബാമ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പിന്നെന്തിനാ “ബ്രേക്കിങ്ങ് ന്യൂസ്” ആയി ഒബാമ സത്യപ്രതിജ്ഞ ചെയ്തെന്ന് ടിവിയില്‍ കാണിക്കുന്നത്?