Sunday, October 5, 2008

ഞാന്‍ ഒരു ദരിദ്രവാസി ആണെന്നാണോ?

ഓഫീസില്‍ മുഴുവന്‍ സമയവും എയര്‍ കണ്ടീഷനില്‍ ഇരിക്കുന്ന, നാലുനേരവും ആവശ്യത്തില്‍ കൂടുതല്‍ ആഹാരം കഴിക്കുന്ന, ഹോട്ടലില്‍ കയറിയാല്‍ മുപ്പത്തിരണ്ട് രൂപയുടെ ഊണും അന്‍പത് രൂപയുടെ ചിക്കന്‍ ഫ്രൈഡ് റൈസും (രണ്ടും കൂടി ഒരുമിച്ചല്ല!) കഴിക്കുന്ന, ബസ്സില്‍ കയറാതെ ബൈക്കില്‍ മാത്രം സഞ്ചരിക്കുന്ന, രണ്ടായിരത്തി മുന്നൂറ് രൂപയുടെ (കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി ഇരുന്നീറ്റി തൊണ്ണൂറ്റിയൊന്‍പത് രൂപ) ഷൂസ് ഇടുന്ന ഞാന്‍ ഒരു ദരിദ്രവാസിയാണെന്ന് പറഞ്ഞാല്‍? എനിക്കു പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍പ്പിന്നെ ആര് പറഞ്ഞെന്നായിരിക്കും? പറഞ്ഞത് വേറെ ആരുമല്ല കേന്ദ്ര സര്‍ക്കാര്‍ തന്നെ. വര്‍ഷം നാലര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവരെ മാത്രം പിന്നോക്കക്കാരിലെ മേല്‍ത്തട്ട് വിഭാഗത്തില്‍ പെടുത്തു എന്നാണ് പുതിയ തീരുമാനം. അതായത് മാസം മുപ്പത്തിയേഴായിരത്തി അഞ്ഞൂറ് രൂപ ശമ്പളം വാങ്ങിക്കുന്ന, ഫീസ് പകുതി കൊടുക്കുന്ന, സ്റ്റൈപെന്റ് വാങ്ങുന്ന ഇവര്‍ ദരിദ്രരാണെന്ന്. അപ്പോള്‍ യാതൊരു സംവരണവും ഇല്ലാത്ത, യാതൊരു ഫീസ് കണ്‍സെഷനും ഇല്ലാത്ത, സ്വന്തം കഴിവും അധ്വാനവും കൊണ്ട് ജീവിക്കുന്ന, ഇത്രയും ശമ്പളം വാങ്ങിക്കാത്ത എന്നെപ്പോലുള്ളവരെ ‘പരമദരിദ്രവാസി’ എന്ന് വിളിക്കേണ്ടിവരില്ലെ? പക്ഷെ ഞാന്‍ ജീവിക്കുന്നത് എങ്ങനെ ആണെന്ന് നേരത്തെ പറഞ്ഞില്ലേ? അപ്പോള്‍ ജീവിക്കാന്‍ വഴിയില്ലാത്ത ‘ഉന്നത‘ ജാതി മാത്രം കൈമുതലായുള്ളവരെ ആര് സംരക്ഷിക്കും?

ഓ.ടോ. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്ളവര്‍ അവരെക്കൊണ്ട് ‘ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടി’ എന്ന വിഷയത്തില്‍ ഒരു ഉപന്യാസം എഴുതിക്കുക.

Wednesday, October 1, 2008

നിരോധിക്കേണ്ട പരസ്യങ്ങള്‍

ഉപ്പുവെള്ളത്തിന്റെ കറ!!! ലോകത്തെവിടെയെങ്കിലും ഉപ്പുവെള്ളത്തെ കറയായി കണക്കാക്കുമോ? എവിടെയെങ്കിലും ഉപ്പ് കട്ട പിടിച്ചിരുന്നാല്‍ കുറച്ച് വെള്ളമൊഴിച്ച് കഴുകിയാല്‍ പോരേ? അതിന് കാശ് കൊടുത്ത് ‘ഈസിയോ ബാങ്’ വാങ്ങേണ്ട കാര്യമുണ്ടോ?

മൃഗക്കൊഴുപ്പ് ചേര്‍ക്കാത്ത വെജിറ്റേറിയന്‍ കറിപ്പൊടി!!! നിറപറയാണ് ആദ്യം തുടങ്ങിയത്, പിന്നെ ഈസ്റ്റേണും. കറിപ്പൊടിയിലെന്തിനാ മൃഗക്കൊഴുപ്പ്? വെജിറ്റേറിയന്‍ ഊണിന്റെകൂടെ തരുന്ന പായസത്തില്‍ ചേര്‍ത്തിരിക്കുന്ന നെയ്യ് മൃഗക്കൊഴുപ്പ് അല്ലേ?

ക്ലബ് സോഡ, ചിപ്സ്, മ്യൂസിക് സിഡി - പരസ്യം കൊള്ളാം, പക്ഷെ കമ്പനി പേര് മദ്യക്കുപ്പിയുടെ പുറത്ത് ഉള്ളത് പോലെ തന്നെ!

മനുഷ്യന്‍ സോഷ്യല്‍ പശുവാണ്!!! പശു? മനുഷ്യന്‍ കുരങ്ങനാണ് എന്ന് പറഞ്ഞാല്‍ പിന്നെയും സമ്മതിക്കാം. പക്ഷെ പശുവാണെന്ന് പറഞ്ഞാലോ? പരസ്യം ബബിള്‍ ഗമിന്റേത്. ഹിന്ദിയിലെ പശുവിനെ തര്‍ജ്ജിമ ചെയ്യാതെ അതുപോലെ മലയാളത്തിലാക്കിയതിന്റെ ഫലം.

പരിശുദ്ധമായ ബി ഐ എസ്സ് സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞവിലയില്‍ കല്യാണ്‍ ജ്വല്ലേഴ്സില്‍. അപ്പോള്‍ ബി ഐ എസ് സ്വര്‍ണ്ണതിലും പരിശുദ്ധമല്ലാത്തത് ഉണ്ടോ? ഇവരെന്താ സ്വര്‍‌ണ്ണം ശരിക്കുള്ള വിലയിലും കുറച്ച് കൊടുക്കുമോ?

ആക്സ് ഇഫക്റ്റ്!!! ആക്സിന്റെ സ്പ്രേ ദേഹത്തടിച്ചോണ്ട് വഴിയിലിറങ്ങിയാല്‍ വഴിയെ പോകുന്ന പെണ്‍പിള്ളേരൊക്കെ ദേഹത്തോട്ട് വന്ന് ഒട്ടും പോലും. പിന്നേ, അതല്ലെ ആണുങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം? ഈ പരസ്യം കണ്ട് അത് വാങ്ങിക്കുന്നവന്‍ ഒന്നുകില്‍ മന്ദബുദ്ധി ആയിരിക്കും അല്ലെങ്കില്‍ ഞെരമ്പ് രോഗി ആയിരിക്കും.

അടുത്ത കാലത്ത് കണ്ട് തുടങ്ങിയ പുതിയൊരു ഉല്‍പ്പന്നമാണ് ‘ദൈവം’. അമ്പല പരസ്യം, പള്ളിപ്പരസ്യം. ആവശ്യമുള്ളവര്‍ ദൈവത്തെ തേടി അങ്ങോട്ട് പോകുന്നതായിരുന്നു ഇതുവരെ പതിവ്. പക്ഷെ ഇപ്പോള്‍ ദൈവം ആളെ പിടിക്കാന്‍ ഇറങ്ങുന്നസ്ഥിതിക്ക് ദൈവത്തിനെന്താ ഈ ബിസിനസില്‍ ലാഭം?

ഇത്തരം തട്ടിപ്പ് പരസ്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ നിയമം ഉണ്ടാക്കേണ്ടതല്ലെ?