Sunday, July 27, 2008

ഉത്തരം മുട്ടിച്ച ചോദ്യത്തിന് ഉത്തരം?

എന്റെ കഴിഞ്ഞ പോസ്റ്റ് 'വിവരമില്ലാത്തവര്‍ മാത്രം വായിക്കാന്‍' എന്നതിന്റെ തുടര്‍ച്ചയാ‍ണ് ഈ പോസ്റ്റ്. ആ പോസ്റ്റില്‍ കമന്റ് എഴുതിയവര്‍ ആരും കൃത്യമായ ഒരു ഉത്തരം തന്നില്ല. എങ്കിലും ഞാന്‍ വിളിച്ച് വരുത്തി കമന്റ് എഴുതിപ്പിച്ച sajan jcb മാത്രമാണ് കാര്യമായി എന്തെങ്കിലും പറഞ്ഞത്. അതുകൊണ്ട് ഈ പോസ്റ്റ് sajan jcbയുടെ കമന്റുകളില്‍ നിന്ന് തന്നെ തുടങ്ങാം.

ചെറുപ്പം മുതലേ ഒരു കുട്ടിക്കു തെറ്റു ചെയ്യാനാണ് പ്രവണത കൂടുതല്‍... അതിനെ നേരായമാര്‍ഗ്ഗം കാണിക്കുന്നതു് ഈ മതങ്ങള്‍ തന്നെയാണ്.

ആരും കുറ്റവാളികളായി ജനിക്കുന്നില്ല; സാഹചര്യമാണ് ഒരാളെ കുറ്റവാളിയാക്കുന്നത് എന്ന വാദത്തിന് എതിരല്ലേ ഇത്? കുട്ടികള്‍ക്ക് തെറ്റ് ചെയ്യാനുള്ള പ്രവണത ജന്മനാ ഉണ്ടാകുന്നതല്ല, ആഗ്രഹിക്കുന്നത് കിട്ടാതെവരുമ്പോള്‍ ചെയ്തുപോകുന്നതാണ്. ഇത് ഒഴിവാക്കാന്‍ ഏതെങ്കിലും മതത്തിന്റെ ആവശ്യം ഉണ്ടോ? അച്ഛനമ്മമാര്‍ തന്നെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്താല്‍ പോരേ?

പക്ഷേ മതവിശ്വാസങ്ങളില്‍ തന്റെ കുട്ടി വളരുന്നതാണ് അപകടകരം; അതില്ലാതെ വളരുന്നതാണ് മഹത്തരം എന്ന ധ്വനി ഈ പാഠത്തിനുണ്ട്.

അങ്ങനെ ഒരു ധ്വനി ഈ പാഠത്തിലുണ്ടോ? മലയാള ഭാഷയില്‍ എനിക്കുള്ള അറിവ് വെച്ച് എനിക്കത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കുക. വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം അവന്‍ തിരഞ്ഞെടുത്തുകൊള്ളട്ടെ എന്നല്ലേ പറഞ്ഞുള്ളു. അല്ലാതെ എന്റെ മകന്‍ യുക്തിവാദി ആയാല്‍ മതി എന്ന് പറഞ്ഞില്ലല്ലോ?

ശരിയാണ് ആ കുട്ടി വലുതാകുമ്പോള്‍ അവനു തീരുമാനിക്കാം മതം മാറണോ വേണ്ടയോ എന്ന്. മതം ഉപേക്ഷിക്കുകയും ആവാം.

എന്തിനാണ് വലുതായി കഴിഞ്ഞിട്ട് മതം മാറാന്‍ പോകുന്നത്? രണ്ട് മതത്തിലും കൂടി ജീവിച്ചാല്‍പ്പോരേ? ഏതായാലും “ദൈവം” ഒന്നല്ലേ ഉള്ളൂ?

സ്വന്തം മതവും ജാതിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരവസ്ഥ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ 'ഞാന്‍' ഇതിനകം യെത്രയെത്ര ജാതികള്‍ തിരഞ്ഞെടുത്തേനേ? [ഛേയ് എന്റെ ജാതിയില്‍ റിസര്‍വേഷന്‍ ഇല്ലടേയ് :-( ]

അപ്പോള്‍ അതാണ് ആവശ്യം - ‘റിസര്‍വേഷന്‍’. ഈ ജാതിയും മതവും പറഞ്ഞ് നടക്കുന്നവരുടെ എല്ലാം ഉള്ളിലിരുപ്പ് ഇത് തന്നെയാണ്. എങ്ങനെ ചുളിവില്‍ വല്ലതുമൊക്കെ അടിച്ചെടുക്കാം.

നിങ്ങള്‍ക്കു 'മതമില്ലാത്ത ജീവന്‍' ശ്രേഷ്ഠമായ പാഠഭാഗമാണ് അല്ലേ?

എന്ന് ഞാനും പറഞ്ഞിട്ടില്ല. ഇത്രയധികം കോലാഹലമുണ്ടാക്കാനുള്ള ഒരു ‘പിണ്ണാക്കും’ ആ പാഠത്തിലില്ല എന്നേ ഞാന്‍ ഉദ്യേശിച്ചുള്ളു.

മതവിശ്വാസികളാണ് എല്ല കുരത്തകേടിനും കാരണം അതു കൊണ്ട് മതമില്ലാതെ ജീവിക്കുന്നതാണ് ശ്രേഷ്ടം എന്ന ധ്വനി നിര്‍ഭാഗ്യവശാല്‍ ആ പാഠത്തില്‍ ഉണ്ടെന്ന് കുറേപേര്‍ക്കു തോന്നി.

തോന്നലുകള്‍ എപ്പോഴും ശരിയാവണമെന്നില്ല. അതുകൊണ്ട് തോന്നലുകള്‍ ശരിയാണെന്ന് ഉറപ്പിച്ചിട്ട് വേണം അങ്കത്തിനിറങ്ങാന്‍. ഇങ്ങനെ ഒക്കെ തോന്നുന്നവരെയാണ് ഞാന്‍ വിവരമില്ലാത്തവര്‍ എന്ന് വിളിക്കുന്നത്.

എന്തേ അമ്മയുടെ പൈതൃകസ്വത്ത് ചോദിക്കാത്തത്?

അപ്പോള്‍ അമ്മയുടെ സ്വത്ത് മക്കള്‍ക്ക് അല്ല്ല്ലാതെ നാട്ടുകാര്‍ക്ക് ആണോ കൊടുക്കുന്നത്? ഇതെനിക്ക് പുതിയ അറിവാണ്. (അതുകൊണ്ട് ഇനിമുതല്‍ ഞാന്‍ അമ്മയ്ക്ക് ഒന്നും വാങ്ങിച്ച് കൊടുക്കുന്നതല്ല!!!)

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അച്ഛന്റെ വീടില്‍ തെന്നെയല്ലേ?

എന്ന് നിയമമൊന്നും ഇല്ലല്ലോ? പണ്ടാരോ ഉണ്ടാക്കിയ ഒരു കീഴ്വഴക്കം, അത്രയല്ലേ ഉള്ളൂ?

"മതമില്ലാതെ ഒരു കുട്ടി വളര്‍ന്നാല്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ല..."; ഉത്തരം: ഞാന്‍ ഭംഗിയായി വീണേനേ.

മതവിശ്വാസികള്‍ എല്ലാം ഇങ്ങനെ തന്നെയാവും വിശ്വസിക്കുന്നത്. അതാണ് മതം എന്ന സാധനത്തിന്റെ നീരാളിപ്പിടുത്തം. അതില്‍ പെട്ട് പോയാല്‍ പിന്നെ രക്ഷയില്ല.

കുട്ടികള്‍ ആദ്യം കണ്ടെത്തുന്ന വെത്യാസം ആണും പെണ്ണും തമ്മിലുള്ളതാണ്. അതുകഴിഞ്ഞാണ് മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലുള്ള വെത്യാസം മനസ്സിലാക്കുന്നത്. ഇത് തനിയെ മനസ്സിലാക്കുന്നതല്ല, ആരെങ്കിലും പറഞ്ഞ് കൊടുത്ത് മനസ്സിലാക്കുന്നതാണ്. പക്ഷെ ഞാന്‍ എങ്ങനെയാ ഉണ്ടായത് എന്ന് ഒരു കുട്ടി അന്വേഷിച്ചാല്‍ അതിനുത്തരം മിക്കവാറും മിണ്ടാതിരിയെടാ(ടീ) എന്നാവും. അല്ലെങ്കില്‍ വലുതാകുമ്പോള്‍ മനസ്സിലാകും എന്നാകും. എന്ത് കൊണ്ട് ഇതേ ഉത്തരം മതത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോടും പറഞ്ഞുകൂടാ? ഇതൊക്കെ വെറും തട്ടിപ്പാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്ന പ്രായമെത്തുമ്പോള്‍ അവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ.

കുട്ടികള്‍ മതമില്ലാതെ വളര്‍ന്നാല്‍ ഇവിടെ എന്തൊക്കെയോ സംഭവിക്കും എന്നാണല്ലൊ ചില മത മേലാളന്മാരുടെ അഭിപ്രായം. അതിനോട് ഞാനും യോജിക്കുന്നു; ഇവിടെ ചിലതെല്ലാം നടക്കും. ഒരു പണിയും ചെയ്യാതെ മതവും പ്രസംഗിച്ച് നടക്കുന്നവര്‍ തിന്നാന്‍ ഒന്നും കിട്ടാതെ പിച്ചച്ചട്ടി എടുക്കും. കാരണം ഇവര്‍ക്കൊന്നും മേലനങ്ങി പണിചെയ്യാന്‍ അറിയില്ലല്ലോ, ആരെങ്കിലും വെറുതെ തരുന്നതുകൊണ്ട് ജീവിച്ചുള്ള ശീലമല്ലെ ഉള്ളു.

ആരാധനാലയങ്ങളില്‍ നേര്‍ച്ച് ഇടുന്നത് കണ്ട് വളരുന്ന കുട്ടികളാണ് ഭാവിയില്‍ കൈക്കൂലിക്കാരാകുന്നത്. കാര്യം നേടാന്‍ കണ്ടിട്ടില്ലാത്ത ദൈവത്തിന് പണം കൊടുക്കാമെങ്കില്‍ പിന്നെ മുന്നിലിരിക്കുന്ന ക്ലാര്‍ക്കിന് പണം കൊടുത്ത് കൂടെ? നമ്മളെക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കണമെന്നുള്ളവരോട് പണം ചോദിച്ചുകൂടെ?

അപ്പോള്‍ മതമില്ലാതെ എങ്ങനെ ജീവിക്കാം? നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് കരുതി ജീവിക്കുക. എന്തെങ്കിലും നേടണമെങ്കില്‍ സ്വയം അധ്വാനിക്കുക. അല്ലാതെ പ്രാര്‍ത്ഥിച്ചാലോ നേര്‍ച്ചയിട്ടാലോ മെഴുകുതിരി കത്തിച്ചാലോ ഒന്നും ആരും ഉരുട്ടി വായില്‍ വച്ചുതരില്ല എന്ന് ഉറച്ച് വിശ്വസിക്കുക.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കോടിക്കണക്കിന് രൂപയ്ക്കുള്ള മദ്യ വില്‍പ്പനയാണല്ലൊ. കുടിയന്‍മാരെല്ലാം അവിശ്വാസികളാണോ? അല്ലല്ലോ? അപ്പോള്‍ വിശ്വാസികള്‍ക്കിടയിലും കൊള്ളരുതാത്തവര്‍ ഉണ്ട് എന്നല്ലേ? പുകവലിക്കാരിലും വിശ്വാസികള്‍ ഇല്ലേ? വായില്‍ നോക്കികളിലും വിശ്വാസികള്‍ ഇല്ലേ? അപ്പോള്‍ അവിശ്വാസികള്‍ക്കില്ലാത്ത എന്ത് മെച്ചമാണ് വിശ്വാസികള്‍ക്ക് ഉള്ളത്? വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്നവര്‍ വാഹനാപകടത്തില്‍ മരിക്കുന്നു. മാനസ്സരോവര്‍ തീര്‍ത്ഥാടകര്‍ മഞ്ഞിടിഞ്ഞ് മരിക്കുന്നു. മക്കയില്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നു. ഈ വിശ്വാസികള്‍ ഒന്നും എന്ത് കൊണ്ട് രക്ഷപെട്ടില്ല???

Monday, July 21, 2008

വിവരമില്ലാത്തവര്‍ മാത്രം വായിക്കാന്‍

കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്തത് അഗ്രിഗേറ്ററില്‍ വരാത്തതുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു.

തലക്കെട്ട് ‘വിവരമില്ലാത്തവര്‍ മാത്രം വായിക്കാന്‍‘ എന്നാണെങ്കിലും ഈ പോസ്റ്റ് ആര്‍ക്കും വായിക്കാം. എങ്കിലും എന്റെ ചോദ്യത്തിന് നിങ്ങള്‍ തരുന്ന ഉത്തരത്തില്‍ നിന്നും നിങ്ങള്‍ക്ക് വിവരമുണ്ടോ എന്ന് മറ്റ് വിവരമുള്ളവര്‍ക്ക് മനസ്സിലാകും. പക്ഷെ വിവരമില്ലാത്തവര്‍ക്ക് ഇതൊന്നും തന്നെ മനസ്സിലാവുകയില്ല.

എന്റെ ചോദ്യം ഇതാണ്. ഏഴാം ക്ലാസിലെ സാമൂഹ്യ പാഠത്തിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠത്തില്‍, ജീവന്റെ മതം എഴുതിയേ തീരു എന്ന്‍ ഹെഡ്മാസ്റ്റര്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ അവിടെ ഏത് മതം ആണ് എഴുതേണ്ടിയിരുന്നത്?

ഇതു വായിക്കുന്നവരില്‍ പത്രപ്രവര്‍ത്തകരോ ടിവി ചാനല്‍കാരോ ഉണ്ടെങ്കില്‍ ദയവായി ഈ ചോദ്യം പുസ്തകത്തിനെതിരെ സമരം ചെയ്യുന്നവരോട് ചോദിക്കുക; സ്ഥിരമായി പള്ളിയില്‍ പോകുന്നവര്‍ അവിടെയും പോയി ചോദിക്കണം; രാഷ്ടീയക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളുടെ തലപ്പത്തിരുന്ന് നിങ്ങളെക്കൊണ്ട് തല്ലുണ്ടാക്കുന്നവരോട് ചോദിക്കുക.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം ഈ ചോദ്യത്തിനു കൃത്യമായ മറുപടി തന്നിട്ട് ഇനി ബ്ലോഗെഴുതിയാല്‍ മതി.

സമരം ചെയ്യുന്നവരും നിരാഹാരം കിടക്കുന്നവരും ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് മതി സമരം നടത്തുന്നത്.

അപ്പോള്‍ എന്താണ് നിങ്ങളുടെ ഉത്തരം?

Saturday, July 5, 2008

വിന്‍‌ഡോസിനെ ലിനക്സ് രക്ഷിച്ചു!!!

പതിവുപോലെ അന്നും ഞാന്‍ വിന്‍‌ഡോസ് സിസ്റ്റം ബൂട്ട് ചെയ്തു. അടുത്ത പണിക്ക് പോകാനുള്ള തിരക്കുകാരണം ബൂട്ട് ചെയ്ത് ലോഗ് ഇന്‍ ചെയ്ത ഉടനെ സിസ്റ്റം ലോക്ക് ചെയ്യാനായി Alt-Ctrl-Del പ്രസ് ചെയ്തു. എന്റെ സ്പീഡ് സിസ്റ്റത്തിന് ഇല്ലാത്തതുകൊണ്ടാകാം സിസ്റ്റം ഹാങ്ങായി. വേറെ നിവൃത്തിയില്ലാതെ സിസ്റ്റം ഓഫ് ചെയ്തു. വീണ്ടും ഓണ്‍ ചെയ്തപ്പോള്‍ ഒരു എറര്‍ മെസ്സേജ് system ഫയലിന് എന്തോ പറ്റി, വിന്‍ഡോസ് സിഡി ഇട്ട് റിപ്പയര്‍ ചെയ്യാന്‍. വിന്‍ഡോസ് സിഡിയില്‍ നിന്നും ബൂട്ട് ചെയ്ത് റിപ്പയര്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ അടുത്ത പ്രശ്നം, റിപ്പയര്‍ ചെയ്യാന്‍ അതിലെ പഴയ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ ലൊക്കേറ്റ് ചെയ്യാന്‍ പറ്റുന്നില്ലെന്ന്. എന്നാല്‍ പിന്നെ കണ്‍സോള്‍ വഴി ശ്രമിക്കാം എന്നുവെച്ചു. കണ്‍സോളും പഴയ വിന്‍‌ഡോസ് ഇന്‍സ്റ്റലേഷന്‍ കണ്ടുപിടിച്ചില്ല. എന്നാല്‍ ഇനി WINNT ഡയറക്ട്രിയില്‍ ഒന്നു കയറിനോക്കാം എന്നുവെച്ചപ്പോള്‍ വീണ്ടും അടുത്ത മെസ്സേജ്; ആക്സസ് ഡിനൈഡ്. എന്നാലിനി മറ്റേതെങ്കിലും ഫോള്‍ഡറില്‍ കയറി നോക്കാം എന്നു കരുതിയപ്പോള്‍ വീണ്ടും കിട്ടി ആക്സസ് ഡിനൈഡ്! ഞാനുണ്ടാ‍ക്കിയ ഫോള്‍ഡറില്‍ കയറാന്‍ എനിക്കവകാശമില്ലന്നോ? തല്ലുകൊള്ളിത്തരമല്ലേ വിന്‍‌ഡോസ് കാണിച്ചത്? എങ്കില്‍ പിന്നെ ചെക്ക് ഡിസ്ക് ചെയ്തു നോക്കാം എന്ന് വിചാരിച്ചപ്പോള്‍ ദേണ്ടെ അടുത്ത എറര്‍ മെസ്സേജ് CHKDSK ഫയലിന്റെ പാത്ത് കൂടി പറഞ്ഞ് കൊടുക്കണമെന്ന്! വിന്‍‌ഡോസിന്റെ ഫയല്‍ എവിടെ ഇരിക്കുന്നെന്ന് വിന്‍‌ഡോസിന് പോലും അറിയാന്‍ പാടില്ലെങ്കില്‍ ഞാനെങ്ങനെ അറിയും?

സിസ്റ്റം നമ്മളെ പറ്റിച്ചാല്‍ നമ്മള്‍ സിസ്റ്റത്തെ പറ്റിക്കണം!!! അതാണെന്റെ സ്ഥിരം പരിപാടി. ഞാന്‍ സിസ്റ്റം ഉബുണ്ടു ലിനക്സിന്റെ ലൈവ് സിഡി ഉപയോഗിച്ച് ബൂട്ട് ചെയ്തു. ‘മനോഹരമായ’ GUI ഉപയോഗിച്ച് എനിക്ക് ഏത് ഫോള്‍ഡറിലും കയറുവാന്‍ അനുവാദം തന്ന, യാതൊരു അഹങ്കാരവുമില്ലാത്ത ഓപ്പറേറ്റിങ്ങ് സിസ്റ്റം. അങ്ങനെ WINNT\system32 ഫോള്‍ഡറില്‍ കയറിയപ്പോള്‍ അതിനകത്ത് ഒറ്റ ഫയലോ ഫോള്‍ഡറോ ഇല്ല. അപ്പോഴിനി സിസ്റ്റത്തെ പറ്റിക്കാം എന്നു തീരുമാനിച്ച് WINNT, Documents and Settings, Program Files എന്നീ ഫോള്‍ഡറുകളുടെയെല്ലാം മുന്നില്‍ ഓരോ old കൂടിച്ചേര്‍ത്ത് റീനെയിം ചെയ്തു. എന്നിട്ട് വീണ്ടും വിന്‍‌ഡോസ് സിഡിയില്‍നിന്നും ബൂട്ട് ചെയ്ത് ഇന്‍‌സ്റ്റലേഷന്‍ തുടങ്ങി. അപ്പോഴല്ലേ രസം, സ്വന്തം ആവശ്യത്തിന് വിന്‍‌ഡോസ് ആരുടേയും സഹായമില്ലാതെ ചെക്ക് ഡിസ്ക് ചെയ്ത് എറര്‍ ഒക്കെ ശരിയാക്കി ഇന്‍സ്റ്റലേഷന്‍ നടത്തി. എന്നിട്ട് ഞാന്‍ പുതിയ വിന്‍‌ഡോസ് ഇന്‍സ്റ്റലേഷന്‍ വഴി പഴയ ഇന്‍സ്റ്റലേഷന്റെ system32 ഫോള്‍ഡറില്‍ പോയിനോക്കിയപ്പോള്‍ നേരത്തെ കാണാതെ പോയതെല്ലാം അവിടെയുണ്ട്. വീണ്ടും ഉബുണ്ടുവില്‍ ബൂട്ട് ചെയ്ത് പുതിയ വിന്‍‌ഡോസ് ഇന്‍സ്റ്റലേഷന്‍ ഫോള്‍ഡറുകളെ മുന്‍പില്‍ new ചേര്‍ത്ത് റീനെയിം ചെയ്തു. പഴയ ഇന്‍സ്റ്റലേഷന്റെ മുന്നിലെ old എടുത്ത് മാറ്റി. എന്നിട്ട് റീബൂട്ട് ചെയ്തു. ഒരുകുഴപ്പവും ഇല്ലാതെ സിസ്റ്റം എന്നത്തേയും പോലെ ബൂട്ടായി.

അപ്പോള്‍ ശരിക്കും എന്താണ് സംഭവിച്ചത്? ഹാര്‍ഡ് ഡിസ്കില്‍ എന്തോ എറര്‍ ഉണ്ടായി. പക്ഷെ വിന്‍ഡോസ് റിപ്പയര്‍ പ്രോഗ്രാമിന് അത് ശരിയാക്കാന്‍ പറ്റിയില്ല. അതായത് ഇതുപോലുള്ള നിസ്സാ‍ര പ്രശ്നങ്ങള്‍ ഉണ്ടാല്‍ മതി വിന്‍‌ഡോസ് സിസ്റ്റത്തില്‍ ഉണ്ടായിരുന്നതെല്ലാം നമ്മുടെ സ്വന്തം ഡാറ്റ ഉള്‍പ്പെടെ എല്ലാം ‘ഓര്‍മ്മകള്‍ മാത്രം’ ആകും!!!

ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സഹായി എന്നല്ലേ? അപ്പോള്‍ വിന്‍ഡോസാണോ ലിനക്സാണോ യഥാര്‍ത്ഥ സഹായി? ലിനക്സിനെ തള്ളിപ്പറഞ്ഞ കൈപ്പള്ളി ഇനിയെങ്കിലും ഒരു പുനര്‍‌വിചിന്തനത്തിന് തയാറാകുമോ?