Sunday, May 25, 2008

സംവരണാനുകൂലികളെ ഒരു ഉത്തരം തരൂ

നദിക്കു കുറുകെ ഒരു പാലം പണിയണം. പാലം പണിക്ക് സംവരണം ഏര്‍പ്പെടുത്തി. അതായത് അറുപത് ശതമാനം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടും ബാക്കി നാല്പത് ശതമാനം തൂണുകള്‍ പച്ചക്കട്ട കൊണ്ടും പണിയാം. അങ്ങനെയെങ്കില്‍ ആ പാലത്തിന് എത്ര ബലം കാണും? ആ പാലം കൊണ്ട് സാധാരണക്കാര്‍ക്ക് പോയിട്ട് പിന്നോക്കക്കാര്‍ക്ക് പോലും പ്രയോജനമില്ലാതെ ആവില്ലെ?

അപ്പോള്‍ മെഡിക്കല്‍ പ്രവേശനത്തിന് സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പത് ശതമാനം മാര്‍ക്കും പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നാല്‍പ്പത് ശതമാനം മാര്‍ക്കും മതി എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? കഴിഞ്ഞ വര്‍ഷം പ്രവേശന പരീക്ഷക്ക് പത്ത് ശതമാനം മാര്‍ക്ക് മാത്രമുള്ളവര്‍ക്കും അഡ്മിഷന്‍ കൊടുത്തെന്നും അവരെ പുറത്താക്കണമെന്നും ആണല്ലൊ ഇപ്പോള്‍ പറയുന്നത്. അവര്‍ പഠിക്കട്ടെ, ജയിച്ചാല്‍ ഡോക്ടറും ആകട്ടെ (ജയിച്ചില്ലെങ്കില്‍ വീട്ടിലിരിക്കട്ടെ). രോഗികളെ ചികിത്സിക്കുന്നത് മെഡിക്കല്‍ കോളേജില്‍ പഠിച്ച അറിവ് വെച്ചല്ലേ? അല്ലാതെ പ്രവേശന പരീക്ഷക്ക് പഠിച്ച അറിവ് വെച്ചല്ല്ലല്ലോ?

പിന്നെ ജോലി സംവരണം. ഒരേ യോഗ്യതയുള്ള രണ്ട് പേരില്‍ പിന്നോക്കക്കാരന് ജോലികൊടുത്താല്‍ അത് മനസിലാക്കാം. പക്ഷെ യോഗ്യതയുള്ള ഒരാളെ ഒഴിവാക്കി പകരം അത്രയും യോഗ്യത ഇല്ല്ലാത്ത ഒരാള്‍ക്ക് ജോലികൊടുത്താല്‍ അത് എങ്ങനെ ശരിയാകും? ഇങ്ങനെ ജോലിയില്‍ കയറുന്ന ഒരാള്‍ക്ക് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ശമ്പളം തന്നെയല്ലേ കൊടുക്കുന്നത്? അല്ലാതെ പത്ത് ശതമാനം കുറച്ചല്ലല്ലോ?

അങ്ങനെ സംവരണ സീറ്റില്‍ പഠിച്ച് സംവരണ മാനദണ്ഡത്തില്‍ ജോലിയില്‍ പ്രവേശിച്ചയാള്‍ അപ്പോള്‍ മറ്റുള്ളവര്‍ക്ക് തുല്യമായില്ലെ. അപ്പോള്‍ അയാള്‍ മറ്റുള്ളവര്‍ക്ക് സമാനമായ ജോലിചെയ്യാന്‍ ബാധ്യസ്ഥനല്ലേ? പിന്നെന്തിനാണ് പ്രമോഷന്‍ കൊടുക്കാന്‍ സമയത്ത് ജോലിയിലുള്ള കഴിവ് നോക്കാതെ പിന്നോക്കക്കാര്‍ക്ക് കൊടുത്തതിനുശേഷം മാത്രം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്? ആദ്യമായി സൈക്കിളില്‍ ചവിട്ടുന്ന ആളിന് വേണമെങ്കില്‍ സൈക്കിള്‍ പിടിച്ച് കൊടുക്കാം. പക്ഷെ ഇതേയാള്‍ക്ക് എപ്പോള്‍ സൈക്കിള്‍ ചവിട്ടണമെങ്കിലും ആരെങ്കിലും പിടിച്ച് കൊടുക്കണം എന്നുവന്നാല്‍, “നീ സൈക്കിളില്‍ പോകണ്ട നടന്ന് പോയാല്‍ മതി“ എന്ന് പറയുന്നതല്ലേ ഉചിതം?

സംവരണത്തിന്റെ അടിസ്ഥാനം ജാതിയല്ലെ. ഒരാളുടെ രക്ത ഗ്രൂപ്പ് പ്രായം എന്നിവ പരിശോധിച്ച് കണ്ടുപിടിക്കാം. (മരിച്ചതിന് ശേഷം പോലും!) പക്ഷെ ഈ ജാതി എന്നുപറയുന്നത് രക്തം പരിശോധിച്ചോ സ്കാന്‍ ചെയ്തോ കണ്ടുപിടിക്കാന്‍ പറ്റുമോ? അപ്പോള്‍പ്പിന്നെ എന്താണ് ജാതി എന്നുപറയുന്നത്?

ആരെങ്കിലും ഉത്തരം തരൂ....................

Monday, May 12, 2008

ആനയ്ക്ക് നോക്കുകൂലി കൊടുത്താല്‍പ്പോരേ?

കുറച്ച് നേരം മുന്‍പ് ഏഷ്യാനെറ്റ് കണ്ണാടിയില്‍ ആരോ എഴുതിയ കത്തില്‍, ഇന്‍‌ഡ്യയുടെ പലഭാഗത്തുമുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്നില്ല എന്ന് വായിച്ച് കേട്ടു. കേരളത്തിലും അങ്ങനെ ആയാല്‍ എന്താ? തടി പിടിക്കാന്‍ ക്രെയിന്‍ ഉപയോഗിച്ചാല്‍പ്പോരെ? നമ്മളിപ്പോള്‍ കാളവണ്ടിക്കും കുതിര വണ്ടിക്കും പകരം കാറും ലോറിയും ഒക്കെയല്ലെ ഉപയോഗിക്കുന്നത്? ഉത്സവത്തിന് വേണമെങ്കില്‍ ഒരു ജെസിബി ഉപയോഗിക്കാം. നാലു ഹെഡ് ലൈറ്റും ഒരു ഭീകര ശബ്ദവും ഉണ്ടാക്കി ആടിയാടിയുള്ള ആ വരവിനും ഒരു ആനച്ചന്തമൊക്കെയുണ്ട്, ഒരു മോഡേണ്‍ ആന. അതുകൊണ്ട് നമുക്കിനി കാട്ടാന പിടുത്തം ഉപേക്ഷിക്കാം. അപ്പോള്‍പ്പിന്നെ ഇപ്പോഴുള്ള നാട്ടാനകളെ എന്ത് ചെയ്യും. അതിനെയൊക്കെ തിരിച്ച് കാട്ടില്‍ കൊണ്ട് വിടാമെന്നുവെച്ചാല്‍ അത് ഇപ്പോഴത്തെ ചില പിള്ളേരുടെ കാര്യം പോലെയാകും. അച്ഛനും അമ്മയും കൂടി എല്ലാം ഉരുട്ടികൊടുത്ത് പഠിപ്പിച്ച് അവസാനം കെട്ടിച്ച് വിട്ടാലും അച്ഛനും അമ്മയുമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ! അതുകൊണ്ട് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാ നാട്ടാനകള്‍ക്കും ‘നോക്കുകൂലി‘ വങ്ങാനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയാല്‍ പോരേ? ഇനിയിപ്പോള്‍ നോക്കുകൂലി എന്നു പറഞ്ഞതിന് ഏതെങ്കിലും ആനയൂണിയന്‍ നേതാവ്, എന്റെ ബ്ലോഗ് ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയതു പോലെയാക്കുമോ എന്തൊ? (ആനകള്‍ക്ക് യൂണിയന്‍ ഇല്ല എന്നാണ് എന്റെ വിശ്വാസം) ഏഷ്യാനെറ്റിലെതന്നെ കഴിഞ്ഞ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ബി‌എം‌എസ്സിന്റെ ആണെന്നു തോന്നുന്നു(ഉറപ്പുള്ളവര്‍ ഒന്ന് ഉറപ്പിച്ചു പറഞ്ഞേക്കണേ) ഒരു നേതാവ് പറയുന്നതുകേട്ടു കേരളത്തില്‍ ആരും നൊക്കുകൂലിവാങ്ങുന്നില എന്ന്. കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ ആ അദ്ധ്യാപകര്‍ക്ക് ശമ്പളത്തിന് പകരം ഗവണ്മെന്റ് കോമ്പന്‍സേഷന്‍ കൊടുക്കുന്നതുപോലെ ചുമട്ട് തൊഴിലാളികള്‍ക്കുള്ള കോമ്പന്‍സേഷനാണ് വാങ്ങുന്ന കാശ് എന്ന്‍! പഴയ പ്രീഡിഗ്രി അദ്ധ്യാപകരൊന്നും പ്ലസ് റ്റു സ്കീളിന്റെ മുന്‍പില്‍ ചെന്ന് നിന്ന് വരുന്ന പിള്ളേരുടെ കഴുത്തിന് കുത്തിപ്പിടിച്ച് കാശ് വാങ്ങുന്നതായി ഇതുവരെ കേട്ടിട്ടില്ല. കേരളത്തിലെ ചുമട്ട് തൊഴിലാളികളെല്ലാം അധ്വാനിച്ച് കാശുണ്ടാക്കുന്നവരാണെന്ന്. കേരളത്തിലെ ബാക്കിയുള്ളവരൊക്കെ പിന്നെ വെറുതെയിരുന്നാണോ കാശുണ്ടാക്കുന്നത്? ഇതുപോലെ സ്ഥിരബുദ്ധി ഇല്ലാത്തവരെ ഒക്കെ ആരാണാവോ നേതാവാക്കുന്നത്? ഇങ്ങനെ ഒക്കെ പറയുന്ന ഇയാള്‍ അധ്വാനിച്ച് കൂലി വാങ്ങിച്ചിട്ട് എത്ര വര്‍ഷം ആയെന്ന് ആരുമെന്തേ ചോദിക്കാത്തത്?