Wednesday, September 17, 2008

ഈ ഓട്ടോക്കാരെന്താ ഇങ്ങനെ???

തിരുവന്തപുരം റെയില്‍‌വേ സ്റ്റേഷനില്‍ പോകാന്‍ രാത്രി ഏഴേമുക്കാലിന് ഓട്ടോ നോക്കിയിറങ്ങിയതാണ് ഞാന്‍. സ്റ്റേഷനിലേക്ക് നാല് കിലോമീറ്ററേ ഉള്ളു. ആദ്യം കൈ കാണിച്ച ഓട്ടോക്കാരന്‍ എന്തോ ഒരു ആഗ്യം കാണിച്ച് ഓടിച്ച് പോയി. രണ്ടാമത് വന്ന ഓട്ടോക്കാരന് മുപ്പത് രൂപാ വേണം. മൂന്നാമത് വന്നയാള്‍ക്ക് നാല്‍പ്പത് രൂപാ വേണം. ഞാന്‍ കയറുന്നില്ല എന്ന് കണ്ടപ്പോള്‍ അത് മുപ്പത് രൂപയായി കുറഞ്ഞു. അതില്‍ കയറി സ്റ്റേഷനിലെത്തി കോഴിക്കോടേക്ക് ട്രെയിന്‍ കയറി.

രാവിലെ കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പുറത്ത് ഒരു നീണ്ട ക്യൂ. ക്യൂവിന് മുന്‍പില്‍ നില്‍ക്കുന്നവര്‍ ഓരോരുത്തരായി നിരനിരയായി വരുന്ന ഓട്ടോകളില്‍ കയറുന്നു. ഓ... പിടികിട്ടി....... പ്രീപെയ്ഡ് ഓട്ടോ....... അവിടെ മുഴുവന്‍ തപ്പിയിട്ടും പ്രീപെയ്ഡ് കൌണ്ടര്‍ കണ്ടില്ല. ക്യൂവിന്റെ പുറകില്‍ നിന്ന ആളോട് ഞാന്‍ ചോദിച്ചു “ഇത് പ്രീപെയ്ഡ് ഓട്ടോ അല്ലേ?” അയാള്‍ പറഞ്ഞു “ഏയ് അങ്ങനെ ഒന്നും ഇല്ല, വെറുതെ ക്യൂ നിന്നാല്‍ മതി.” എന്റെ കണ്ണ് തള്ളിയോ എന്നൊരു സംശയം! അങ്ങനെ ഞാനും ക്യൂവില്‍ സ്ഥാനം പിടിച്ചു. അപ്പോള്‍ ദേ കുറച്ചുപേര്‍ ക്യൂവില്‍ നില്‍ക്കാതെ ഒരു ഓട്ടോയില്‍ കയറാന്‍ ശ്രമിക്കുന്നു. ഓട്ടോക്കാരന്‍ സമ്മതിച്ചില്ല. പോയി ക്യൂ നില്‍ക്കാന്‍ പറഞ്ഞു. വന്നവര്‍ ക്യൂവിലേക്കും ഓട്ടോക്കരനേയും മാറി മാറി നോക്കി അന്തംവിട്ട് വായും തുറന്ന് കുറച്ച് നേരം അവിടെ നിന്നു. പിന്നെ ക്യൂവില്‍ പോയി നിന്നു. ഈ സമയത്തൊന്നും അവിടെ ഒരൊറ്റ പോലീസുകാരന്‍ പോലുമില്ലായിരുന്നു എന്ന് കണ്ടപ്പോള്‍ എനിക്കൊരു സംശയം “ഇത് കേരളം തന്നെ അല്ലെ?” ഞാന്‍ ഒരു ഓട്ടോയില്‍ കയറി ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങി. മീറ്ററില്‍ കണ്ട പത്ത് രൂപ കൊടുത്തു. ഓട്ടോക്കാരന്‍ അതും വാങ്ങി സ്ഥലം വിട്ടു. കോഴിക്കോടുള്ള ഓട്ടോക്കാര്‍ മീറ്ററില്‍ എഴുപത്തഞ്ച് പൈസ വന്നാല്‍ ബാക്കി ഇരുപത്തഞ്ച് പൈസ തിരിച്ച് കൊടുക്കും എന്ന് കേട്ടിട്ടുണ്ട്.

അടുത്തതായി ഞാന്‍ ഓട്ടോയില്‍ കയറിയത് എറണാകുളത്താണ്. രണ്ടോ മൂന്നോ കിലോമീറ്റര്‍ യാത്രചെയ്തു കാണും. മീറ്ററുണ്ട് പക്ഷെ ഇട്ടിട്ടില്ല. ഇരുപത് രൂപ ചോദിച്ചു, ഞാന്‍ കൊടുത്തു. അടുത്തത് സൌത്ത് റെയില്‍‌വേ സ്റ്റേഷനിലേക്ക് ഓട്ടോപിടിച്ചു. മീറ്ററിട്ട് തന്നെയാണ് ഇപ്രാവശ്യം ഓടിയത്. മീറ്ററില്‍ പതിനാറ് രൂപ നാല്‍‌പത് പൈസ. എന്നാലും ഓട്ടോക്കാരന്‍ ചോദിച്ചത് മുപ്പത് രൂപ. സാധാരണ ഇരുപതല്ലേ ആകു എന്നായി ഞാന്‍. അപ്പോള്‍ അയാള്‍ക്ക് ഇരുപത് രൂപാ മതി.

അവിടെ നിന്നും ജനശതാബ്ദിയില്‍ കയറി. വൈകീട്ട് 5.20നു പുറപ്പെട്ട ട്രെയിന്‍ രാത്രി 8.30നു വര്‍ക്കലയെത്തി. പക്ഷെ അവിടെനിന്നും തിരുവനന്തപുരത്തെത്തിയത് 9.30നു. ഈ റെയില്‍‌വേക്കാര്‍ എന്താ ഇങ്ങനെ?

തിരുവനന്തപുരത്ത് പ്രീപെയ്ഡ് ഓട്ടോയ്ക്ക് വലിയ ക്യൂ. പക്ഷെ ആ പ്രദേശത്ത് ആകപ്പാടെ രണ്ടോ മൂന്നോ ഓട്ടോയേ കാണാനുള്ളു. പോലീസുകാരന്‍ ഓട്ടോകളെ ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. സമയം പത്ത് കഴിഞ്ഞതും എവിടെ നിന്നെന്നറിയില്ല ഓട്ടോകളൊക്കെ പറന്ന് വരാന്‍ തുടങ്ങി. പത്ത് മണി കഴിഞ്ഞാല്‍ ചാര്‍ജ്ജ് കൂടും, അതാണ് കാര്യം.

തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും ഒക്കെ കേരളത്തില്‍ തന്നെയല്ലേ, പിന്നെന്താ ഈ ഓട്ടോക്കാരൊക്കെ ഇങ്ങനെ?

6 comments:

നരിക്കുന്നൻ said...

തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും ഒക്കെ കേരളത്തില്‍ തന്നെയല്ലേ, പിന്നെന്താ ഈ ഓട്ടോക്കാരൊക്കെ ഇങ്ങനെ?

vipiz said...

ഹായ് ചേട്ടാ കേരളത്തില്ലുള്ള ഓട്ടോക്കാര്‍ ഒരു പ്രത്യേക ജീവിവിഭാത്തില്‍ പെട്ടവരനെന്നു തോന്നുന്നു സമയം സ്ഥലം സ്വഭാവം എന്നിവക്കനുസരിച്ചു രൂപയുടെ മൂല്യം കൂട്ടുന്ന ജീവികള്‍ . അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല കേട്ടോ അതൊരു രോഗമാന്‍ പേര് കുടുംബപ്രരാബ്തം

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇനി ഹൈദ്രാബാദില്‍ വന്നൊന്ന് ഓട്ടോ വിളിച്ച് നോക്കൂ, അപ്പൊ അറിയാം നമ്മുടെ നാട്ടിലെ ഓട്ടോക്കരെത്ര ഭേദമാന്ന്....

ഇവിടെ 20 രൂപേടെ ദൂരത്തേയ്ക്ക് ഓട്ടോ വിളിച്ചാല്‍ ആദ്യമെ ചോദിക്കും? ക്യാ ദേംഗെ സാബ്?... ആപ് ബതായിയേ എന്ന് പറഞ്ഞാല്‍ നമുക്കെന്തോ ഔദാര്യം ചെയ്യുന്ന പോലെ പറയും 70 തന്നാല്‍ മതിയെന്ന്... 30നു വരാന്‍ പറഞ്ഞാല്‍ വരില്ല... അങ്ങനെ ഒരു 4-5 ഓട്ടോക്കാരുടെ അടുത്ത് ചോദിച്ചാല്‍ 30നു വരാന്‍ തയ്യാറായ ആരെങ്കിലും കാണും... രാത്രിയാണെങ്കില്‍ ആ 70ന്റെ സ്ഥാനത്ത് 150ഉം മുപ്പതിന്റെ സ്ഥാനത്ത് 100ഉം സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്ത് വായിക്കുക...

Mr. സംഭവം (ചുള്ളൻ) said...

ദൈവത്തിന്റെ സ്വന്തം നാടല്ലെ ഹേമേട്ടാ.. സാക്ഷാല്‍ മാവേലി വന്നാല്‍ പോലും ഇവന്മാര്‍ റിട്ടേര്‍ണ്‍ ചാര്‍ജ് മേടിക്കും.. ഓണത്തിന്റെ സമയത്ത് എന്റെ വീട്ടില്‍ നിന്നും പഴവങ്ങാടിക്ക് ഒരു ഓട്ടൊ പിടിച്ചപ്പൊ പുള്ളിക്കാരന്‍ ചോദിക്കുവാ റിട്ടേര്‍ണ്‍ വേണമെന്ന്.. ഞാന്‍ ചോദിച്ചു ചേട്ടന്റെ വീട് ഇവിടാണോ എന്ന് ?? പുള്ളി അല്ലാന്ന് പറഞ്ഞു.. പിന്നെ എന്നാതിനാ റിട്ടേര്‍ണ്‍.. അങ്ങേര്‍ ഇത്രയെ ഉദ്ധേശിച്ചുള്ളു .. ഡബിള്‍ ചാര്‍ജ്.. അതിന് ഇന്ന കാരണം എന്നൊന്നുമില്ല.. പണ്ട് ബാങ്ക്ലൂരില്‍ പോയപ്പൊ.. അവിടുത്തെ ഓട്ടോകാര്‍ മീറ്റര്‍ കാശ് മാത്രമെ മേടിച്ച് കണ്ടുള്ളു ഇപ്പൊ എങ്ങനാന്ന് അറിയാന്‍ മേല..

Unknown said...

ചേട്ടന്മാരെ
എന്നെ ആരെങ്കിലും നല്ല പോലെ മലയാളം എഴുതാന്‍ പ്ദ്ദിപിക്കുമൊ

ബിജൊ ..ദുബായി

Mr. സംഭവം (ചുള്ളൻ) said...

സ്കൂളില്‍ പോയാ മതി ;)