Sunday, July 27, 2008

ഉത്തരം മുട്ടിച്ച ചോദ്യത്തിന് ഉത്തരം?

എന്റെ കഴിഞ്ഞ പോസ്റ്റ് 'വിവരമില്ലാത്തവര്‍ മാത്രം വായിക്കാന്‍' എന്നതിന്റെ തുടര്‍ച്ചയാ‍ണ് ഈ പോസ്റ്റ്. ആ പോസ്റ്റില്‍ കമന്റ് എഴുതിയവര്‍ ആരും കൃത്യമായ ഒരു ഉത്തരം തന്നില്ല. എങ്കിലും ഞാന്‍ വിളിച്ച് വരുത്തി കമന്റ് എഴുതിപ്പിച്ച sajan jcb മാത്രമാണ് കാര്യമായി എന്തെങ്കിലും പറഞ്ഞത്. അതുകൊണ്ട് ഈ പോസ്റ്റ് sajan jcbയുടെ കമന്റുകളില്‍ നിന്ന് തന്നെ തുടങ്ങാം.

ചെറുപ്പം മുതലേ ഒരു കുട്ടിക്കു തെറ്റു ചെയ്യാനാണ് പ്രവണത കൂടുതല്‍... അതിനെ നേരായമാര്‍ഗ്ഗം കാണിക്കുന്നതു് ഈ മതങ്ങള്‍ തന്നെയാണ്.

ആരും കുറ്റവാളികളായി ജനിക്കുന്നില്ല; സാഹചര്യമാണ് ഒരാളെ കുറ്റവാളിയാക്കുന്നത് എന്ന വാദത്തിന് എതിരല്ലേ ഇത്? കുട്ടികള്‍ക്ക് തെറ്റ് ചെയ്യാനുള്ള പ്രവണത ജന്മനാ ഉണ്ടാകുന്നതല്ല, ആഗ്രഹിക്കുന്നത് കിട്ടാതെവരുമ്പോള്‍ ചെയ്തുപോകുന്നതാണ്. ഇത് ഒഴിവാക്കാന്‍ ഏതെങ്കിലും മതത്തിന്റെ ആവശ്യം ഉണ്ടോ? അച്ഛനമ്മമാര്‍ തന്നെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്താല്‍ പോരേ?

പക്ഷേ മതവിശ്വാസങ്ങളില്‍ തന്റെ കുട്ടി വളരുന്നതാണ് അപകടകരം; അതില്ലാതെ വളരുന്നതാണ് മഹത്തരം എന്ന ധ്വനി ഈ പാഠത്തിനുണ്ട്.

അങ്ങനെ ഒരു ധ്വനി ഈ പാഠത്തിലുണ്ടോ? മലയാള ഭാഷയില്‍ എനിക്കുള്ള അറിവ് വെച്ച് എനിക്കത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കുക. വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം അവന്‍ തിരഞ്ഞെടുത്തുകൊള്ളട്ടെ എന്നല്ലേ പറഞ്ഞുള്ളു. അല്ലാതെ എന്റെ മകന്‍ യുക്തിവാദി ആയാല്‍ മതി എന്ന് പറഞ്ഞില്ലല്ലോ?

ശരിയാണ് ആ കുട്ടി വലുതാകുമ്പോള്‍ അവനു തീരുമാനിക്കാം മതം മാറണോ വേണ്ടയോ എന്ന്. മതം ഉപേക്ഷിക്കുകയും ആവാം.

എന്തിനാണ് വലുതായി കഴിഞ്ഞിട്ട് മതം മാറാന്‍ പോകുന്നത്? രണ്ട് മതത്തിലും കൂടി ജീവിച്ചാല്‍പ്പോരേ? ഏതായാലും “ദൈവം” ഒന്നല്ലേ ഉള്ളൂ?

സ്വന്തം മതവും ജാതിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരവസ്ഥ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ 'ഞാന്‍' ഇതിനകം യെത്രയെത്ര ജാതികള്‍ തിരഞ്ഞെടുത്തേനേ? [ഛേയ് എന്റെ ജാതിയില്‍ റിസര്‍വേഷന്‍ ഇല്ലടേയ് :-( ]

അപ്പോള്‍ അതാണ് ആവശ്യം - ‘റിസര്‍വേഷന്‍’. ഈ ജാതിയും മതവും പറഞ്ഞ് നടക്കുന്നവരുടെ എല്ലാം ഉള്ളിലിരുപ്പ് ഇത് തന്നെയാണ്. എങ്ങനെ ചുളിവില്‍ വല്ലതുമൊക്കെ അടിച്ചെടുക്കാം.

നിങ്ങള്‍ക്കു 'മതമില്ലാത്ത ജീവന്‍' ശ്രേഷ്ഠമായ പാഠഭാഗമാണ് അല്ലേ?

എന്ന് ഞാനും പറഞ്ഞിട്ടില്ല. ഇത്രയധികം കോലാഹലമുണ്ടാക്കാനുള്ള ഒരു ‘പിണ്ണാക്കും’ ആ പാഠത്തിലില്ല എന്നേ ഞാന്‍ ഉദ്യേശിച്ചുള്ളു.

മതവിശ്വാസികളാണ് എല്ല കുരത്തകേടിനും കാരണം അതു കൊണ്ട് മതമില്ലാതെ ജീവിക്കുന്നതാണ് ശ്രേഷ്ടം എന്ന ധ്വനി നിര്‍ഭാഗ്യവശാല്‍ ആ പാഠത്തില്‍ ഉണ്ടെന്ന് കുറേപേര്‍ക്കു തോന്നി.

തോന്നലുകള്‍ എപ്പോഴും ശരിയാവണമെന്നില്ല. അതുകൊണ്ട് തോന്നലുകള്‍ ശരിയാണെന്ന് ഉറപ്പിച്ചിട്ട് വേണം അങ്കത്തിനിറങ്ങാന്‍. ഇങ്ങനെ ഒക്കെ തോന്നുന്നവരെയാണ് ഞാന്‍ വിവരമില്ലാത്തവര്‍ എന്ന് വിളിക്കുന്നത്.

എന്തേ അമ്മയുടെ പൈതൃകസ്വത്ത് ചോദിക്കാത്തത്?

അപ്പോള്‍ അമ്മയുടെ സ്വത്ത് മക്കള്‍ക്ക് അല്ല്ല്ലാതെ നാട്ടുകാര്‍ക്ക് ആണോ കൊടുക്കുന്നത്? ഇതെനിക്ക് പുതിയ അറിവാണ്. (അതുകൊണ്ട് ഇനിമുതല്‍ ഞാന്‍ അമ്മയ്ക്ക് ഒന്നും വാങ്ങിച്ച് കൊടുക്കുന്നതല്ല!!!)

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അച്ഛന്റെ വീടില്‍ തെന്നെയല്ലേ?

എന്ന് നിയമമൊന്നും ഇല്ലല്ലോ? പണ്ടാരോ ഉണ്ടാക്കിയ ഒരു കീഴ്വഴക്കം, അത്രയല്ലേ ഉള്ളൂ?

"മതമില്ലാതെ ഒരു കുട്ടി വളര്‍ന്നാല്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ല..."; ഉത്തരം: ഞാന്‍ ഭംഗിയായി വീണേനേ.

മതവിശ്വാസികള്‍ എല്ലാം ഇങ്ങനെ തന്നെയാവും വിശ്വസിക്കുന്നത്. അതാണ് മതം എന്ന സാധനത്തിന്റെ നീരാളിപ്പിടുത്തം. അതില്‍ പെട്ട് പോയാല്‍ പിന്നെ രക്ഷയില്ല.

കുട്ടികള്‍ ആദ്യം കണ്ടെത്തുന്ന വെത്യാസം ആണും പെണ്ണും തമ്മിലുള്ളതാണ്. അതുകഴിഞ്ഞാണ് മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലുള്ള വെത്യാസം മനസ്സിലാക്കുന്നത്. ഇത് തനിയെ മനസ്സിലാക്കുന്നതല്ല, ആരെങ്കിലും പറഞ്ഞ് കൊടുത്ത് മനസ്സിലാക്കുന്നതാണ്. പക്ഷെ ഞാന്‍ എങ്ങനെയാ ഉണ്ടായത് എന്ന് ഒരു കുട്ടി അന്വേഷിച്ചാല്‍ അതിനുത്തരം മിക്കവാറും മിണ്ടാതിരിയെടാ(ടീ) എന്നാവും. അല്ലെങ്കില്‍ വലുതാകുമ്പോള്‍ മനസ്സിലാകും എന്നാകും. എന്ത് കൊണ്ട് ഇതേ ഉത്തരം മതത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോടും പറഞ്ഞുകൂടാ? ഇതൊക്കെ വെറും തട്ടിപ്പാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്ന പ്രായമെത്തുമ്പോള്‍ അവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ.

കുട്ടികള്‍ മതമില്ലാതെ വളര്‍ന്നാല്‍ ഇവിടെ എന്തൊക്കെയോ സംഭവിക്കും എന്നാണല്ലൊ ചില മത മേലാളന്മാരുടെ അഭിപ്രായം. അതിനോട് ഞാനും യോജിക്കുന്നു; ഇവിടെ ചിലതെല്ലാം നടക്കും. ഒരു പണിയും ചെയ്യാതെ മതവും പ്രസംഗിച്ച് നടക്കുന്നവര്‍ തിന്നാന്‍ ഒന്നും കിട്ടാതെ പിച്ചച്ചട്ടി എടുക്കും. കാരണം ഇവര്‍ക്കൊന്നും മേലനങ്ങി പണിചെയ്യാന്‍ അറിയില്ലല്ലോ, ആരെങ്കിലും വെറുതെ തരുന്നതുകൊണ്ട് ജീവിച്ചുള്ള ശീലമല്ലെ ഉള്ളു.

ആരാധനാലയങ്ങളില്‍ നേര്‍ച്ച് ഇടുന്നത് കണ്ട് വളരുന്ന കുട്ടികളാണ് ഭാവിയില്‍ കൈക്കൂലിക്കാരാകുന്നത്. കാര്യം നേടാന്‍ കണ്ടിട്ടില്ലാത്ത ദൈവത്തിന് പണം കൊടുക്കാമെങ്കില്‍ പിന്നെ മുന്നിലിരിക്കുന്ന ക്ലാര്‍ക്കിന് പണം കൊടുത്ത് കൂടെ? നമ്മളെക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കണമെന്നുള്ളവരോട് പണം ചോദിച്ചുകൂടെ?

അപ്പോള്‍ മതമില്ലാതെ എങ്ങനെ ജീവിക്കാം? നമ്മള്‍ കാരണം മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് കരുതി ജീവിക്കുക. എന്തെങ്കിലും നേടണമെങ്കില്‍ സ്വയം അധ്വാനിക്കുക. അല്ലാതെ പ്രാര്‍ത്ഥിച്ചാലോ നേര്‍ച്ചയിട്ടാലോ മെഴുകുതിരി കത്തിച്ചാലോ ഒന്നും ആരും ഉരുട്ടി വായില്‍ വച്ചുതരില്ല എന്ന് ഉറച്ച് വിശ്വസിക്കുക.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കോടിക്കണക്കിന് രൂപയ്ക്കുള്ള മദ്യ വില്‍പ്പനയാണല്ലൊ. കുടിയന്‍മാരെല്ലാം അവിശ്വാസികളാണോ? അല്ലല്ലോ? അപ്പോള്‍ വിശ്വാസികള്‍ക്കിടയിലും കൊള്ളരുതാത്തവര്‍ ഉണ്ട് എന്നല്ലേ? പുകവലിക്കാരിലും വിശ്വാസികള്‍ ഇല്ലേ? വായില്‍ നോക്കികളിലും വിശ്വാസികള്‍ ഇല്ലേ? അപ്പോള്‍ അവിശ്വാസികള്‍ക്കില്ലാത്ത എന്ത് മെച്ചമാണ് വിശ്വാസികള്‍ക്ക് ഉള്ളത്? വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്നവര്‍ വാഹനാപകടത്തില്‍ മരിക്കുന്നു. മാനസ്സരോവര്‍ തീര്‍ത്ഥാടകര്‍ മഞ്ഞിടിഞ്ഞ് മരിക്കുന്നു. മക്കയില്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നു. ഈ വിശ്വാസികള്‍ ഒന്നും എന്ത് കൊണ്ട് രക്ഷപെട്ടില്ല???

6 comments:

mmrwrites said...

ഹേമന്ത്, ഞാ‍ന്‍ തുടങ്ങി വെക്കാം, തെറ്റ് ആഗ്രഹിക്കുന്നതു കിട്ടാതെ വരുമ്പോള്‍ മാത്രമാണോ ചെയ്യുന്നത്..? അല്ല, അയല്‍ക്കാരന്‍ പട്ടിണി കിടക്കുന്നത് നാമറിഞ്ഞിട്ട് നാം മൂന്നുനേരം ഭക്ഷണം കഴിക്കുന്നതു തെറ്റാണോ.. തെറ്റു ചെയ്യുന്നവര്‍ എല്ലാം കുറ്റവാളികള്‍ ആകുന്നുമില്ല. ഞാന്‍ മത വിശ്വാസിയാണെന്ന് പറയുന്നില്ല.. പക്ഷേ ഇസ്ലാമാണ്.. ദൈവത്തെ അനുസരിക്കുന്നവള്‍.
ഞാനീ പാഠപുസ്തകത്തെ അനുകൂലിക്കുന്നുമില്ല.. പ്രതികൂലിക്കുന്നുമില്ല..കാരണം താങ്കള്‍ പറഞ്ഞതു തന്നെ.. അതിനകത്തിപ്പറഞ്ഞ കോലാഹലങ്ങള്‍ ‍ക്കുള്ളതൊന്നും ഇല്ല തന്നെ.. ഈ പുസ്തകം കാരണം ആ ക്ലാസ്സ് കഴിഞ്ഞുപോകുന്ന കുട്ടികള്‍ മതമില്ലാത്തവരാകും എന്നു കരുതുന്നുമില്ല.. പിന്നെ ഇതു വിവാദമാക്കുന്നവര്‍ക്കെല്ലാം അവരുടേതായ ലക്ഷ്യങ്ങളും നേട്ടങ്ങളും ഉണ്ടാകും.. മതം ചെറുപ്പത്തിലേ പഠിക്കുന്നതു നല്ലതു തന്നെ എന്നു തന്നെ എന്റെ പക്ഷം.. (പാരമ്പര്യ മുസ്ലിം, പാരമ്പര്യ ഹിന്ദു, പാരമ്പര്യ ക്രിസ്ത്യന്‍.. അങ്ങിനെയല്ല..) സാധിക്കുമെങ്കില്‍ എല്ലാ മതങ്ങളും.. സ്വതന്ത്രമായി മതങ്ങളെ അറിഞ്ഞു സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം.. ഇതരന്റെ മതത്തെക്കുറിച്ചുള്ള അജ്ഞതയും സമൂഹത്തിനു ദോഷം ചെയ്യുന്നില്ലേ..
ശരി തെറ്റുകള്‍ ക്ര്യത്യമായി വ്യവച്ഛേദിച്ചിരിക്കുന്നതു മറ്റെവിടെയാണ്..മതഗ്രന്ഥങ്ങളിലല്ലാതെ..? ഞാന്‍ മുകളില്‍ പറഞ്ഞതില്‍ അയല്‍ക്കാരനെ സഹായിച്ചില്ലെങ്കില്‍ ആരാണു ശിക്ഷിക്കുക?

Manoj മനോജ് said...

“ഇവിടെ ചിലതെല്ലാം നടക്കും. ഒരു പണിയും ചെയ്യാതെ മതവും പ്രസംഗിച്ച് നടക്കുന്നവര്‍ തിന്നാന്‍ ഒന്നും കിട്ടാതെ പിച്ചച്ചട്ടി എടുക്കും. കാരണം ഇവര്‍ക്കൊന്നും മേലനങ്ങി പണിചെയ്യാന്‍ അറിയില്ലല്ലോ, ആരെങ്കിലും വെറുതെ തരുന്നതുകൊണ്ട് ജീവിച്ചുള്ള ശീലമല്ലെ ഉള്ളു.“

മതം തലയ്ക്ക് പിടിച്ച് തുള്ളുന്ന മത മേലാള കോമരങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ ദാ ഇത് വായിച്ചാല്‍ മതി http://theeppantham.blogspot.com/2008/07/blog-post_26.html

ടോട്ടോചാന്‍ said...

ഹേമന്ത്,
താങ്കള്‍ വളരെ വ്യക്തമായി ഉത്തരം പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കാം.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് മതം മാറാനുള്ള അനുവാദമുണ്ട്.
മതം ഉപേക്ഷിക്കുകയും ചെയ്യാം.

എന്നാല്‍ ഉയര്‍ന്നതെന്ന് കരുതപ്പെടുന്ന ജാതിയില്‍ നിന്നും താഴ്ന്നതെന്ന് കരുതപ്പെടുന്ന ജാതിയിലേക്ക് മാറാന്‍ ആര്‍ക്കും അവകാശമില്ല.(തിരിച്ചുണ്ടോ എന്നെനിക്കറിയില്ല.)
ജാതി ഉപേക്ഷിക്കുന്നതിനും തടസ്സമില്ല.

വിചാരം said...

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അച്ഛന്റെ വീടില്‍ തെന്നെയല്ലേ?
മലബാറില്‍ പ്രത്യേകിച്ച് മുസ്ലിം തറവാടുകളില്‍ അമ്മയുടെ വീട്ടിലാണ് അച്ഛനും മക്കളും താമസിയ്ക്കുക പ്രത്യേകിച്ച് കണ്ണൂരില്‍ പണ്ടു ഒത്തിരിയും ഇപ്പോള്‍ ഇത്തിരിയും പൊന്നാനിയിലും മറ്റും കാണാം.
മുന്‍‌പത്തെ പോസ്റ്റിലിട്ട കമന്റു കൂടി ഇവിടെ കിടക്കട്ടെ .
ചെറുപ്പം മുതലേ ഒരു കുട്ടിക്കു തെറ്റു ചെയ്യാനാണ് പ്രവണത കൂടുതല്‍... ഈ വാദം തെറ്റാണ് എന്നു ഞാന്‍ പറയുന്നു, സാമൂഹികമായ വ്യവസ്ഥിതി എന്നത് തന്നെ ഒരു ക്രമപ്പെടുത്തലാണ് അതില്‍ മതത്തിന് സ്ഥാനമുണ്ടായിരിക്കാം എന്നാല്‍ അത് മതത്തിന് മാത്രമാണ് എന്നത് സ്ഥാപിയ്ക്കാനാണ് താങ്കളുടെ ഈ വീക്ഷണം എന്നത് തികചും ബാലിശമായ ഒരു നിരീക്ഷണമായി പോയി. കുട്ടികള്‍ക്ക് വലിയതും ചെറുതും എന്ന ബോധം ഇല്ല അവരുടെ മനസ്സില്‍ എല്ലാവരും തുല്യരാണ് അതുകൊണ്ടാണ് ചെറിയ വായില്‍ വലിയ വാക്കുകളും വലിയ ചിന്തകളും വരുന്നത് എന്നാല്‍ ഇത് തെറ്റാണന്ന് വലിയവര്‍ പറയുന്നു എന്നാല്‍ അത് മതത്തിന്റെ കാഴ്ച്ചപാടല്ല വലിയവരെ ബഹുമാനിക്കുക, പ്രായമായവരെ അനുസരിക്കുക എന്നതല്ലാം (എന്നാല്‍ നിയമം അങ്ങനെയല്ല ട്ടോ ..... ഹെഡ്കോണ്‍സ്റ്റബിളിന് വയസ്സ് 50 പുതുതായി വരുന്ന എസ്.ഐ ക്ക് വയസ്സ് 30 ആര് ആരെ ബഹുമാനിക്കണമെന്ന് നിയമ പുസ്തകത്തില്‍ എഴുതിയത് മതം പറയുന്നു എന്നു പറയുന്നത് തെറ്റായി വരും (മതമല്ല സമൂഹം പറയുന്നത് ) .

കുട്ടികളുടെ സ്വതന്ത്ര ചിന്തകളെ അടിമചിന്തകളാക്കുക എന്നതാണ് മതം പറയുന്നതും പ്രവര്‍ത്തിയ്ക്കുന്നതും.
ഉദാഹരണങ്ങള്‍ ഇതാ പിടിച്ചോ :
1). പാപികളുടെ വാസ സ്ഥലം നരകമായിരിക്കും, തെറ്റു ചെയ്യുന്നവരുടെ വീട് എന്നെന്നും നരകമായിരിക്കും, അല്ലാഹുവിലും മുഹമദിലും അന്ത്യ നാളിലും വിശ്വസിക്കാത്തവരുടെ ഇടം നരകമായിരിക്കും .
ഇതിലടങ്ങിയിരിക്കുന്നത് . ഇസ്ലാമത വിശ്വാസികളല്ലാത്തവരെല്ലാം പാപികളാണ്, ഇസ്ലാമത വിശ്വാസികളെല്ലാത്തവരെല്ലാം തെറ്റുക്കാരാണ് (ഇസ്ലാമതത്തില്‍ വിശ്വസിയ്ക്കുന്നവര്‍ തെറ്റു ചെയ്താല്‍ അവര്‍ക്ക് തൌബ ചെയ്ത് മടങ്ങാം .. എന്തൊരു വാഗ്ദാനം). ഇതേ ചിന്താഗതി തന്നെയാണ് മറ്റെല്ലാ മതങ്ങളിലും ഉള്ളത് , ഞാനൊരു ഇസ്ലാമിക ചുറ്റുപ്പാടില്‍ ജനിച്ചതുകൊണ്ട് ഉദാഹരിച്ചത് ഇസ്ലാമത ചിന്ത.
വളരുന്ന കുട്ടികളില്‍ മനുഷ്യരെ വേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ മതത്തിലോ അതോ മതമില്ലാത്ത ജീവനിലോ എന്നത് മി.സാജന്‍ പറയുക.

ഞാന്‍ മുകളീഴുതിയ കാര്യങ്ങളില്‍ ഈ അപകടം വ്യക്തമാക്കിയിരിക്കുന്നു “മതവിശ്വാസങ്ങളില്‍ തന്റെ കുട്ടി വളരുന്നതാണ് അപകടകരം; അതില്ലാതെ വളരുന്നതാണ് മഹത്തരം എന്ന ധ്വനി ഈ പാഠത്തിനുണ്ട്. അതിനെ മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂ.“

നിയമം പറയുന്നതു് അച്ഛന്‍ ഏതു മതത്തിലാണോ അതു തന്നെയാണ് മക്കളുടെ മതം. .. ഈ നിയമം ഞാന്‍ അറിയുന്ന ഇന്ത്യന്‍ നിയമത്തിലില്ല അതൊരു വിഭാഗത്തിന്റെ സിവില്‍ നിയമങ്ങളിലൊള്ളൂ, സിവില്‍ നിയമം ഭാരതത്തിലെ എല്ലാവര്‍ക്കും തുല്യത നല്‍കുന്നില്ല മുസ്ലിംങ്ങള്‍ക്ക് ശരീഅത്തിലെ നിയമപ്രകാരവും ക്രിസ്ത്യാനികള്‍ക്ക് പിന്തുടര്‍ച്ചാവകാ‍ാശ നിയമവും ഹിന്ദുക്കള്‍ക്ക് ഹിന്ദു ആക്റ്റ് അനുസരിച്ചും മറ്റു മതങ്ങള്‍ക്ക് അവരുടെ വിശ്വാസപ്രമാണമനുസരിച്ചും ഇവിടെ അന്‍‌വ്വര്‍ സാദത്തിനും ലക്ഷ്മിയ്ക്കും മത കാര്യങ്ങളില്‍ വിശ്വാസമില്ലാത്തത് കൊണ്ട് കുട്ടി ഏതു മതത്തില്‍ വളരണമെന്നത് അവന്റെ തന്നെ ചിന്തയ്ക്ക് വിട്ടതു ശരിയ്ക്കും ഉചിതമാവുന്നു.


ഇനി ഈ പാഠത്തില്‍ പറയുന്നതു പോലെ സ്വന്തം മതവും ജാതിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരവസ്ഥ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ 'ഞാന്‍' ഇതിനകം യെത്രയെത്ര ജാതികള്‍ തിരഞ്ഞെടുത്തേനേ?
ആവാലോ ... കാലടി നമ്പൂതിരിയുടെ ഭാര്യ നായരായിരിന്നു അവര്‍ ബ്രഹമണ ദീക്ഷ സ്വീകരിക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട സുധീരന്‍ പങ്കെടുത്തത് വിവാദമായിരിന്നു, അപ്പോള്‍ ഒരാള്‍ക്ക് ഏതു ജാതിയും തെരെഞ്ഞെടുക്കാം എന്നത് ഇത് സൂചിപ്പിയ്ക്കുന്നു.


[ഛേയ് എന്റെ ജാതിയില്‍ റിസര്‍വേഷന്‍ ഇല്ലടേയ് :-( ] ഇതൊരു ആക്ഷേപഹാസ്യമായതിനാല്‍ ഉത്തരം ഞാന്‍ നല്‍കുന്നില്ല അതസ്വാദിയ്ക്കുന്നു :)

എന്തായാലും ആ അവസ്ഥ ഇന്ത്യയില്‍ ഇല്ലാത്തിടത്തോള്ളം കാലം ഈ പാഠം എന്തിനു വരും തലമുറയെ അടിച്ചേല്‍പ്പിക്കണം ? മാത്രമല്ല ഈ പാഠം പഠിപ്പിക്കാന്‍ കുറേയധികം മാതാപിതാക്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ എന്തിനു സര്‍ക്കാര്‍ അതു പഠിപ്പിക്കണം?
തീര്‍ച്ചയായും ഈയൊരു അവസ്ഥ ഇന്ത്യയില്‍ ഉണ്ട് .
പിന്നെ സര്‍ക്കാര്‍ പഠിപ്പിയ്ക്കുന്നത് പഠിയ്ക്കാന്‍ താല്പര്യമില്ലെങ്കിലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ പഠിപ്പിയ്ക്കൂ അതല്ലേ നല്ലത്. അല്ലാതെ അത് പഠിയ്കാന്‍ താല്പര്യമുള്ളവരുടെ സ്വാതന്ത്രത്തെ പോലും ഹനിയ്ക്കുന്നതെന്തിന് ?

ഹേമന്ത് | Hemanth said...

mmrwrites, താങ്കള്‍ കുറച്ച് കൂടി കടന്ന് ചിന്തിക്കേണ്ടതായിരുന്നു. അയല്‍ക്കാരന് ആഹാരം കൊടുക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അതിനുള്ള കാശില്ല. അപ്പോള്‍ തെറ്റ് ചെയ്യുകതന്നെ; അയാള്‍ക്ക് കൊടുക്കാതെ ആഹാരം കഴിക്കുക. വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ട പെട്രോളിയം ഉല്‍പ്പന്നങ്ങളും കല്‍ക്കരിയും ലോഹ ഐരുകളും മറ്റുമല്ലെ നമ്മളെടുത്ത് ധൂര്‍ത്ത് അടിക്കുന്നത്? അപ്പോള്‍ നമ്മളെല്ലാവരും ജീവിച്ചിരിക്കുന്നത് തന്നെ ഒരു വലിയ തെറ്റല്ലേ?

ഇതരന്റെ മതത്തിന്റെ കാര്യം, സ്വന്തം മതത്തെക്കുറിച്ച് അറിയാന്‍ പാടില്ലാഞ്ഞിട്ട് പോലും എനിക്കൊന്നും സംഭവിച്ചില്ല!!!

ശരി തെറ്റുകള്‍ ക്ര്യത്യമായി വ്യവച്ഛേദിച്ചിരിക്കുന്നതു മറ്റെവിടെയാണ്..മതഗ്രന്ഥങ്ങളിലല്ലാതെ..? സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചാല്‍ അറിയാം തെറ്റും ശരിയും.(അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍!)

Manoj മനോജ്, ലിങ്ക് കണ്ടു. എന്റെ പോസ്റ്റില്‍ ചിലതൊക്കെ വിട്ടുപോയി എന്ന് മനസ്സിലായി. വിശ്വാസികളിലും ‘തറ’കളില്ലേ? വിശ്വാസികളിലും നട്ടെല്ലില്ലാത്തവര്‍ ഇല്ലേ?(അവിടെ കമ്മന്റിടുന്നവരെല്ലാം അനോണികളാ)

ടോട്ടോചാന്‍, ദാരിദ്ര്യ രേഖയും പിന്നോക്കക്കാരിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരേയും കണ്ടെത്തുന്ന രേഖ ഇടയ്ക്കിടയ്ക്ക് മുകളിലോട്ട് ഉയര്‍ത്തുന്നതുപോലെ താഴ്ന്ന ജാതി നിശ്ചയിക്കുന്ന രേഖയും മുകളിലേക്ക് ഉയര്‍ത്തിയാല്‍പ്പോരേ?

ഹേമന്ത് | Hemanth said...

വിചാരം പറഞ്ഞതിനോടെല്ലാം യോജിക്കുന്നു. പക്ഷെ മതം പോലെ ജാതിയും മാറാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍ ശരിക്കും എന്താണ് ഈ ജാതിയും മതവും?

ചുണയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ സ്വന്തം ബ്ലഡ് ഗ്രൂപ്പ് മാറിക്കാണിക്ക്!