Friday, February 27, 2009

ഗാന്ധിജിയെ അപമാനിക്കുന്ന ബാറുകള്‍

ഐഡിയ മൊബൈല്‍ ഗാന്ധിജിയെ അപമാനിച്ചു എന്നാണല്ലോ കോണ്‍ഗ്രസുകാരുടെ കണ്ടുപിടുത്തം. 99% പേരും ഗാന്ധിമതി എന്ന് പറഞ്ഞിട്ട് പരസ്യത്തിലെ പെണ്‍കുട്ടി പൂവാലന്‍ എന്ത് വേണമെങ്കിലും ചെയ്തിട്ട് പൊയ്ക്കോട്ടേ എന്ന് വിചാരിച്ച് നിന്നിരുന്നെങ്കില്‍ ഈ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ഐഡിയയുടെ കണക്ഷന്‍ എടുക്കുമായിരുന്നോ? ഒരു പരസ്യംകൊണ്ട് ഉദ്യേശിച്ചത് എന്താണെന്നുപോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഇവനൊക്കെ നാട് ഭരിച്ചാല്‍ നാടിന്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കില്‍ മദ്യം വര്‍ജ്ജിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയുടെ പടമുള്ള നോട്ട് വാങ്ങി മദ്യം വില്‍ക്കുന്ന ബാറുകളും മദ്യവില്‍പ്പനശാലകളും വര്‍ഷങ്ങളായി ഗാന്ധിജിയെ അപമാനിക്കുകയല്ലേ? അപ്പോള്‍ അവയെല്ലാം അടച്ച് പൂട്ടണ്ടേ? അല്ലെങ്കില്‍ ഗാന്ധിജിയോട് ഇത്രയധികം ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാര്‍ അവയെല്ലാം തല്ലിതകര്‍ക്കണ്ടേ?

ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ പൂവാലന്‍മാരോട് പ്രതികരിക്കരുത് എന്ന് നിയമമുണ്ടാക്കണം. ഇനി കോണ്‍ഗ്രസുകാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുമ്പോള്‍ എല്ലാ കോണ്‍ഗ്രസുകാരും ഒരിടത്ത് അനങ്ങാതെ നിന്ന് പോലീസിന്റെ തല്ല് മുഴുവന്‍ മേടിക്കണം; കാരണം ഗാന്ധിജി ആരേയും തിരിച്ച് തല്ലിയിട്ടില്ലല്ലോ!

ഐഡിയ കമ്പനി പൂട്ടിക്കാന്‍ നടക്കുന്ന ഇവന്റെയൊക്കെ മോന്തയ്ക്കിട്ട് പരസ്യത്തിലെ പെണ്‍കുട്ടി കൊടുത്തതിനെക്കാള്‍ നല്ല ഒരു തൊഴികൊടുക്കാനാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്കോ???

Monday, February 2, 2009

തനിമലയാളത്തിന് എന്തിന്റെ കേടാ???

മനുഷ്യന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താല്‍ അത് തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യില്ല. മമ്മൂട്ടി ഒരു പോസ്റ്റ് ഇട്ടാല്‍ അത് നാല് പ്രാവശ്യം ലിസ്റ്റ് ചെയ്യും!!! ശരിക്കും എന്താ തനിമലയാളത്തിന് കുഴപ്പം? തനിമലയാളത്തില്‍ മാന്വല്‍ ആയി ലിസ്റ്റ് ചെയ്യിക്കാന്‍ പറ്റുമോ?

ഞാന്‍ കഷ്ടപ്പെട്ട് എടുത്ത ഫോട്ടോകള്‍ മലകളും മേഘങ്ങളും....(ഫോട്ടോ)‍ എന്ന പോസ്റ്റില്‍

Tuesday, January 20, 2009

BSNL-ഉം മനുഷ്യനെ വിഡ്ഢിയാക്കാന്‍ തുടങ്ങി....

BSNL-ന്റെ പരസ്യം കണ്ടില്ലേ? ലൈഫ് ടൈം പ്രീ പെയ്ഡ് കണക്ഷന്‍ വെറും 99/- രൂപയ്ക്ക്! കൂടാതെ സിം ഫ്രീ!!! എന്ത് നല്ല ഓഫര്‍ അല്ലേ?


തൊട്ട് താഴെ എഴുതിയിരിക്കുന്നത് കണ്ടില്ലേ? വാലിഡിറ്റി എക്സ്റ്റെന്റ് ചെയ്യാന്‍ ഒരോ 180 ദിവസത്തിലും കുറഞ്ഞത് 200/- രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണമെന്ന്. അപ്പോള്‍ രണ്ടില്‍ ഏത് വിശ്വസിക്കണം? മൂന്ന് മാസത്തിലൊരിക്കല്‍ റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ ഡിസ്കണക്ടാവുന്ന കണക്ഷനെ എങ്ങനെ ലൈഫ് ടൈം എന്ന് പറയാനാകും?


ഈ അസുഖം ആദ്യം തുടങ്ങിയത് വോഡാഫോണിനാണ്. ഇത്തരം പറ്റീര് പരസ്യങ്ങല്‍ക്കെതിരെ നടപടി എടുക്കാന്‍ ഈ നാട്ടില്‍ നിയമമൊന്നുമില്ലേ?


ഓ.ടോ. ചൊവ്വാഴ്ച ഒബാമ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പിന്നെന്തിനാ “ബ്രേക്കിങ്ങ് ന്യൂസ്” ആയി ഒബാമ സത്യപ്രതിജ്ഞ ചെയ്തെന്ന് ടിവിയില്‍ കാണിക്കുന്നത്?

Wednesday, January 7, 2009

മുസ്ലീങ്ങളെ എന്തിനാ അപമാനിക്കുന്നത്?

മുസ്ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം കാരണം മുഴുവന്‍ മുസ്ലീങ്ങളേയും പലരും പൊതുവേദികളില്‍ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും ഈ അടുത്തകാലത്ത്. ഇപ്പോഴിതാ ബഹുഭാര്യാത്വത്തിനെതിരെ നിയമം ഉണ്ടാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. അതിനെതിരെ മുസ്ലീം മത മേധാവികളും രംഗത്തെത്തിയിട്ടുണ്ട്. ശരിയത്ത് മുന്‍ ഭാര്യയുടെ അനുമതിയോടെ രണ്ടാം വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും അനുമതിയില്ലാതെ ആകാമെന്നും പറയുന്നു എന്നാണവരുടെ വാദം. സുഖത്തിലും ദുഃഖത്തിലും ഭാര്യയുടെ കൂടെ നില്‍ക്കാം എന്ന് പറഞ്ഞാണ് സാധാരണ എല്ലാ വിവാഹങ്ങളും നടത്തുന്നത്. ചെറുക്കന്‍ പെണ്ണിന്റെ അച്ഛനെ ‘കെട്ടുന്ന’ മുസ്ലീം വിവാഹത്തിന് ഇത് ബാധകമല്ലേ എന്ന് അറിയില്ല. സ്വന്തം വിവാഹത്തിന് പോലും പങ്കെടുക്കാന്‍ കഴിയാത്ത മുസ്ലീം സ്ത്രീകള്‍ക്ക് ആ മതം നല്‍കുന്ന വില മനസ്സിലാക്കാമല്ലോ!

ദേഹത്ത് വൃണങ്ങളുമായി റോഡില്‍ അലഞ്ഞുതിരിയുന്ന ചില വിലകൂടിയ നായ്ക്കളെ കണ്ടിട്ടുണ്ട്. അസുഖം പിടിച്ചപ്പോള്‍ ഏതോ വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്. തീരെ മനുഷ്യത്വമില്ലാത്ത ഈ പ്രവൃത്തിക്ക് സമമല്ലേ സുഖമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കുന്നത്? അതല്ല ഭാര്യയ്ക്ക് ഒരു കുഴപ്പവും ഇല്ലെങ്കില്‍പ്പോലും മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിച്ച് സംരക്ഷിക്കണം എന്നുണ്ടെങ്കില്‍ ആകാം; പക്ഷെ ആ സ്ത്രീയെ സംരക്ഷിക്കുക മാത്രമേ ചെയ്യാവു, ദേഹത്ത് തൊടരുത്. പറ്റുമോ?

നിയമപരമായി വിവാഹിതരാകാത്തവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്കും സ്വത്തിന് അവകാശമുണ്ടെന്നാണ് പുതിയ നിര്‍ദ്ദേശം. അപ്പോള്‍ അത് നിയമപരമല്ലാത്ത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും എങ്കില്‍പ്പിന്നെ എന്തുകൊണ്ട് നിയമപരമയ ബഹുഭാര്യാത്വത്തെ അനുവദിച്ചുകൂടാ എന്നാണ് കാന്തപുരം മുസലിയാരുടെ ചോദ്യം. ബോധമില്ലാത്ത മനുഷ്യന്‍ എന്നല്ലാതെ എന്ത് പറയാന്‍? കല്യാണം കഴിക്കാതെ കുട്ടികള്‍ ഉണ്ടായിക്കഴിയുമ്പോള്‍ മുങ്ങുന്നവന്മാരെ കുരുക്കാനായി നിയമം ഉണ്ടാക്കാം എന്നുവെച്ചപ്പോള്‍ അതിനും കുറ്റം.

ഭര്‍ത്താവിന് വയ്യ അതുകൊണ്ട് ഭാര്യ വേറെ വിവാഹം കഴിച്ചാല്‍ ഈ പ്രസംഗിക്കുന്നവര്‍ സമ്മതിക്കുമോ?

കുട്ടികള്‍ രണ്ട് മതി എന്നും പുതിയ ശുപാര്‍ശയില്‍ ഉണ്ട്. പടച്ചോന്‍ തരുന്നത് രണ്ട് കൈയും നീട്ടി സ്വീകരിക്കുക മാത്രം ചെയ്യുന്നവര്‍ ഇനി എന്ത് പറയും? ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ പറ്റി ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നോ?

താടിയും വളര്‍ത്തി തൊപ്പിയും വച്ച് നടക്കുന്ന ചില വിവരമില്ലാത്തവര്‍ പറയുന്നത് കേട്ട് മുഴുവന്‍ മുസ്ലീങ്ങളേയും അപമാനിക്കേണ്ടതുണ്ടോ? വിവരമുള്ള മുസ്ലീങ്ങള്‍ തന്നെ ഇത്തരം വിവരദോഷികളുടെ വായടപ്പിക്കുന്നതല്ലേ നല്ലത്?

Sunday, December 28, 2008

ശബരിമലയില്‍ ഈ വര്‍ഷവും മകരജ്യോതി “കത്തിക്കുമോ”?

കഴിഞ്ഞ വര്‍ഷം വരെ മകരജ്യോതി ഒരു പരസ്യമായ രഹസ്യം ആയിരുന്നു. അതുകൊണ്ടാണല്ലോ ക്രിക്കറ്റ് കളിക്കിടെ ഗ്രൌണ്ടിന് മുകളിലൂടെ പോകുന്ന വിമാനത്തെയും ചന്ദ്രനെയും ഒക്കെ സൂം ചെയ്ത് കാണിക്കുന്ന് ക്യാമറകള്‍ ഒരിക്കല്‍പ്പോലും മകരജ്യോതി സൂം ചെയ്ത് കാണിക്കാത്തത്. പക്ഷെ ഇപ്രാവശ്യം ഒരു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പരസ്യമായി സത്യം തുറന്ന് പറഞ്ഞതിനു ശേഷമുള്ള മകര വിളക്കാണ്.

നടന്ന് പോകുന്നത് പോയിട്ട് വാഹനങ്ങളില്‍ പോകുവാന്‍ പോലും പറ്റുന്ന അവസ്ഥയിലുള്ള റോഡുകളല്ല അവിടെയുള്ളത്. കുളിക്കാന്‍ ആവശ്യത്തിന് വെള്ളമില്ല, കുടിക്കാന്‍ ശുദ്ധജലമില്ല, ശുചിത്വത്തിന്റെ കാര്യം പറയാനുമില്ല. എന്നിട്ടും ഈ തട്ടിപ്പ് കണ്ട് “നിര്‍വൃതി”യണയാന്‍ ഈ ഇരുപത്തിയൊന്നം നൂറ്റാണ്ടിലും ആള്‍ക്കാര്‍ ഉണ്ടല്ലോ എന്നതാണ്. എന്നിട്ട് കോടികള്‍ കാണിക്കയും ഇടും. ആ കാശ് കൊടുത്ത് ആരെയെങ്കിലും കൊണ്ട് അവിടമൊന്ന് വൃത്തിയാക്കുകയോ ആ റോഡ് നന്നാക്കുകയോ ചെയ്യുന്നതല്ലേ ആര്‍ക്കെങ്കിലും കയ്യിട്ട് വാരാന്‍ കൊടുക്കുന്നതിലും നല്ലത്?

“മണ്ടന്മാര്‍“ കൂടുതലായി ശബരി മലയില്‍ എത്തുന്ന സമയത്തിനെയാണോ “മണ്ഡലകാലം“ എന്ന് പറയുന്നത്?

Sunday, October 5, 2008

ഞാന്‍ ഒരു ദരിദ്രവാസി ആണെന്നാണോ?

ഓഫീസില്‍ മുഴുവന്‍ സമയവും എയര്‍ കണ്ടീഷനില്‍ ഇരിക്കുന്ന, നാലുനേരവും ആവശ്യത്തില്‍ കൂടുതല്‍ ആഹാരം കഴിക്കുന്ന, ഹോട്ടലില്‍ കയറിയാല്‍ മുപ്പത്തിരണ്ട് രൂപയുടെ ഊണും അന്‍പത് രൂപയുടെ ചിക്കന്‍ ഫ്രൈഡ് റൈസും (രണ്ടും കൂടി ഒരുമിച്ചല്ല!) കഴിക്കുന്ന, ബസ്സില്‍ കയറാതെ ബൈക്കില്‍ മാത്രം സഞ്ചരിക്കുന്ന, രണ്ടായിരത്തി മുന്നൂറ് രൂപയുടെ (കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി ഇരുന്നീറ്റി തൊണ്ണൂറ്റിയൊന്‍പത് രൂപ) ഷൂസ് ഇടുന്ന ഞാന്‍ ഒരു ദരിദ്രവാസിയാണെന്ന് പറഞ്ഞാല്‍? എനിക്കു പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍പ്പിന്നെ ആര് പറഞ്ഞെന്നായിരിക്കും? പറഞ്ഞത് വേറെ ആരുമല്ല കേന്ദ്ര സര്‍ക്കാര്‍ തന്നെ. വര്‍ഷം നാലര ലക്ഷത്തിന് മേല്‍ വരുമാനമുള്ളവരെ മാത്രം പിന്നോക്കക്കാരിലെ മേല്‍ത്തട്ട് വിഭാഗത്തില്‍ പെടുത്തു എന്നാണ് പുതിയ തീരുമാനം. അതായത് മാസം മുപ്പത്തിയേഴായിരത്തി അഞ്ഞൂറ് രൂപ ശമ്പളം വാങ്ങിക്കുന്ന, ഫീസ് പകുതി കൊടുക്കുന്ന, സ്റ്റൈപെന്റ് വാങ്ങുന്ന ഇവര്‍ ദരിദ്രരാണെന്ന്. അപ്പോള്‍ യാതൊരു സംവരണവും ഇല്ലാത്ത, യാതൊരു ഫീസ് കണ്‍സെഷനും ഇല്ലാത്ത, സ്വന്തം കഴിവും അധ്വാനവും കൊണ്ട് ജീവിക്കുന്ന, ഇത്രയും ശമ്പളം വാങ്ങിക്കാത്ത എന്നെപ്പോലുള്ളവരെ ‘പരമദരിദ്രവാസി’ എന്ന് വിളിക്കേണ്ടിവരില്ലെ? പക്ഷെ ഞാന്‍ ജീവിക്കുന്നത് എങ്ങനെ ആണെന്ന് നേരത്തെ പറഞ്ഞില്ലേ? അപ്പോള്‍ ജീവിക്കാന്‍ വഴിയില്ലാത്ത ‘ഉന്നത‘ ജാതി മാത്രം കൈമുതലായുള്ളവരെ ആര് സംരക്ഷിക്കും?

ഓ.ടോ. സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്ളവര്‍ അവരെക്കൊണ്ട് ‘ഇലനക്കി പട്ടിയുടെ ചിറിനക്കി പട്ടി’ എന്ന വിഷയത്തില്‍ ഒരു ഉപന്യാസം എഴുതിക്കുക.

Wednesday, October 1, 2008

നിരോധിക്കേണ്ട പരസ്യങ്ങള്‍

ഉപ്പുവെള്ളത്തിന്റെ കറ!!! ലോകത്തെവിടെയെങ്കിലും ഉപ്പുവെള്ളത്തെ കറയായി കണക്കാക്കുമോ? എവിടെയെങ്കിലും ഉപ്പ് കട്ട പിടിച്ചിരുന്നാല്‍ കുറച്ച് വെള്ളമൊഴിച്ച് കഴുകിയാല്‍ പോരേ? അതിന് കാശ് കൊടുത്ത് ‘ഈസിയോ ബാങ്’ വാങ്ങേണ്ട കാര്യമുണ്ടോ?

മൃഗക്കൊഴുപ്പ് ചേര്‍ക്കാത്ത വെജിറ്റേറിയന്‍ കറിപ്പൊടി!!! നിറപറയാണ് ആദ്യം തുടങ്ങിയത്, പിന്നെ ഈസ്റ്റേണും. കറിപ്പൊടിയിലെന്തിനാ മൃഗക്കൊഴുപ്പ്? വെജിറ്റേറിയന്‍ ഊണിന്റെകൂടെ തരുന്ന പായസത്തില്‍ ചേര്‍ത്തിരിക്കുന്ന നെയ്യ് മൃഗക്കൊഴുപ്പ് അല്ലേ?

ക്ലബ് സോഡ, ചിപ്സ്, മ്യൂസിക് സിഡി - പരസ്യം കൊള്ളാം, പക്ഷെ കമ്പനി പേര് മദ്യക്കുപ്പിയുടെ പുറത്ത് ഉള്ളത് പോലെ തന്നെ!

മനുഷ്യന്‍ സോഷ്യല്‍ പശുവാണ്!!! പശു? മനുഷ്യന്‍ കുരങ്ങനാണ് എന്ന് പറഞ്ഞാല്‍ പിന്നെയും സമ്മതിക്കാം. പക്ഷെ പശുവാണെന്ന് പറഞ്ഞാലോ? പരസ്യം ബബിള്‍ ഗമിന്റേത്. ഹിന്ദിയിലെ പശുവിനെ തര്‍ജ്ജിമ ചെയ്യാതെ അതുപോലെ മലയാളത്തിലാക്കിയതിന്റെ ഫലം.

പരിശുദ്ധമായ ബി ഐ എസ്സ് സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞവിലയില്‍ കല്യാണ്‍ ജ്വല്ലേഴ്സില്‍. അപ്പോള്‍ ബി ഐ എസ് സ്വര്‍ണ്ണതിലും പരിശുദ്ധമല്ലാത്തത് ഉണ്ടോ? ഇവരെന്താ സ്വര്‍‌ണ്ണം ശരിക്കുള്ള വിലയിലും കുറച്ച് കൊടുക്കുമോ?

ആക്സ് ഇഫക്റ്റ്!!! ആക്സിന്റെ സ്പ്രേ ദേഹത്തടിച്ചോണ്ട് വഴിയിലിറങ്ങിയാല്‍ വഴിയെ പോകുന്ന പെണ്‍പിള്ളേരൊക്കെ ദേഹത്തോട്ട് വന്ന് ഒട്ടും പോലും. പിന്നേ, അതല്ലെ ആണുങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം? ഈ പരസ്യം കണ്ട് അത് വാങ്ങിക്കുന്നവന്‍ ഒന്നുകില്‍ മന്ദബുദ്ധി ആയിരിക്കും അല്ലെങ്കില്‍ ഞെരമ്പ് രോഗി ആയിരിക്കും.

അടുത്ത കാലത്ത് കണ്ട് തുടങ്ങിയ പുതിയൊരു ഉല്‍പ്പന്നമാണ് ‘ദൈവം’. അമ്പല പരസ്യം, പള്ളിപ്പരസ്യം. ആവശ്യമുള്ളവര്‍ ദൈവത്തെ തേടി അങ്ങോട്ട് പോകുന്നതായിരുന്നു ഇതുവരെ പതിവ്. പക്ഷെ ഇപ്പോള്‍ ദൈവം ആളെ പിടിക്കാന്‍ ഇറങ്ങുന്നസ്ഥിതിക്ക് ദൈവത്തിനെന്താ ഈ ബിസിനസില്‍ ലാഭം?

ഇത്തരം തട്ടിപ്പ് പരസ്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ നിയമം ഉണ്ടാക്കേണ്ടതല്ലെ?